X
    Categories: indiaNews

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂറ്റന്‍ ജയത്തിലേക്ക്; ബിജെപിക്ക് ഞെട്ടല്‍

ജയ്പൂര്‍: രാജസ്ഥാനിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ജയത്തിലേക്ക്. ആറില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ജയ്പൂര്‍ ഹെറിറ്റേജ്, ജോധ്പൂര്‍ നോര്‍ത്ത് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ജയ്പൂര്‍ ഗ്രേറ്റര്‍, കോട്ട നോര്‍ത്ത്, കോട്ട സൗത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇവിടെ നിന്നുള്ള അന്തിമ ഫലങ്ങള്‍ രാത്രി വൈകിയോടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജോധ്പൂര്‍ സൗത്ത് ബിജെപി സ്വന്തമാക്കി.

ജയ്പൂര്‍ ഹെറിറ്റേജിലെ നൂറ് സീറ്റില്‍ 47 എണ്ണം സ്വന്തമാക്കി കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് ഇവിടെ 42 സീറ്റാണ് കിട്ടിയത്. 11 സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു. നാലു സ്വതന്ത്രരുടെ പിന്തുണയുണ്ടായാല്‍ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലേറും. ബിജെപിക്ക് വലിയ സ്വാധീനമുള്ള കോര്‍പറേഷനില്‍ വിജയിക്കാനായത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം പകരും.

ബിജെപി വിജയിച്ച ജോധ്പൂര്‍ സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് കിട്ടിയത് 43 സീറ്റാണ്. കോണ്‍ഗ്രസ് 29 ഇടത്ത് ജയിച്ചു. എട്ടു സീറ്റ് സ്വതന്ത്രര്‍ സ്വന്തമാക്കി. കോര്‍പറേഷില്‍ 80 സീറ്റുകളാണ് ഉള്ളത്. ജോധ്പൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസാണ് മുമ്പിട്ടു നില്‍ക്കുന്നത്. ഇവിടെയും 80 വാര്‍ഡുകളാണ് ഉള്ളത്.

ജെയ്പൂര്‍ ഗ്രേറ്ററില്‍ 150 വാര്‍ഡുകളാണ് ഉള്ളത്. കോട്ട നോര്‍ത്തില്‍ 70 ഉം കോട്ട സൗത്തില്‍ 80 ഉം വാര്‍ഡുകളുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം, ജോധ്പൂരില്‍ കോണ്‍ഗ്രസ് 82 വാര്‍ഡില്‍ ജയിച്ചു. കോട്ടയില്‍ 81 ഇടത്തും ജയ്പൂരില്‍ 94 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു. 560 വാര്‍ഡുകളിലായി 2238 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

 

Test User: