X
    Categories: MoreViews

ദിലീപ് വിവാദം: മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടെടുത്ത മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ മമ്മുട്ടിക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ നടന്‍മാരില്‍ പലരും മമ്മുട്ടിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം.

അമ്മയിലെ ഒരു താരത്തെ പീഢിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വിശ്വസിക്കുന്നയാളെ അവസാനശ്വാസം വരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ അറസ്റ്റിലാവുന്നതോടെ രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്ത് പുറത്താക്കാന്‍ മമ്മുട്ടി തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ആരും മമ്മുട്ടിയെ കുറ്റ പറയേണ്ട ആവശ്യമില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മറ്റൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്കേ മനസ്സിലാവൂ. അത് ഏത് സംഘടനയായാലും അങ്ങനെ തന്നെയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ദിലീപിനെ പുറത്താക്കിയ മമ്മുട്ടിയുടെ നടപടി ശരിയായില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം മൂലമാണ് മമ്മുട്ടി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും ഗണേഷ്‌കുമാര്‍ ആരോപിച്ചു.

chandrika: