X
    Categories: indiaNews

കോവിഡും കുടിയേറ്റ തൊഴിലാളി പ്രശ്‌നവും; വിഷയം ചര്‍ച്ചചെയ്യണമെന്ന് രാജ്യസഭയില്‍ ആവശ്യം

Friends and relatives of Kushwaha family who work as migrant workers walk along a road to return to their villages, during a 21-day nationwide lockdown to limit the spreading of coronavirus, in New Delhi, India, March 26, 2020. To match Special Report HEALTH-CORONAVIRUS/INDIA-MIGRANTS. REUTERS/Danish Siddiqui

ന്യൂഡല്‍ഹി: ‘കോവിഡ് -19 കുടിയേറ്റ തൊഴിലാളികളില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് ശൂന്യവേളയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി എംപി മനോജ് ധാ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി രംഗത്തെത്തിയത്. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.

മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമോ ധനസഹായമോ നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മഹാമാരിക്കിടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവന്‍ സാക്ഷിയാണെന്നും മോദി സര്‍ക്കാര്‍ മാത്രം ആ വാര്‍ത്തയറിഞ്ഞില്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, കൊറോണ വൈറസിനെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പരാമര്‍ശങ്ങളെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ സമയം അനുവദിച്ചു.

അതേസമയം, ലഡാക്കിലെ ഇന്ത്യ-ചൈന നിലപാട് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.

നിയന്ത്രണമേഖയിലുടനീളം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സ്ഥിതിയും സംബന്ധിച്ച് രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ചവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

chandrika: