X

രാജ്യസഭാ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ്; സുഖേന്ദു ശേഖര്‍ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായേക്കും, ബി.ജെ.പിക്ക് നെഞ്ചിടിപ്പ് കൂടുന്നു

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാലസഖ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു ശേഖര്‍ റോയിയെ കോണ്‍ഗ്രസ്
പ്രതിപക്ഷ ഐക്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയേക്കും

കോണ്‍ഗ്രസിന്റെ പിജെ കുര്യനായിരുന്നു കഴിഞ്ഞ ആറുവര്‍ഷം ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. 51 അംഗങ്ങളുള്ള കോണ്‍ഗ്രസിന് രാജ്യസഭാ ഉപാധ്യക്ഷ പദവിക്കായി അവകാശമുന്നയിക്കാമെങ്കിലും ബി.ജെ.ഡി, ടി.ആര്‍.എസ്, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ഉറപ്പാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചക്ക് ഒരുങ്ങുന്നത്. നിലവില്‍ രാജ്യസഭയുടെ അംഗങ്ങളുടെ എണ്ണം 241 ആണ്. പ്രതിപക്ഷത്തിന്റെ ഐക്യം ബി.ജെ.പിക്ക് തിരിച്ചടിയാവും.

ഒടുവില്‍ എന്‍.ഡി.എ സഖ്യമുപേക്ഷിച്ച തെലുഗുദേശത്തിന്റെ ഉള്‍പ്പെടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 117ആണ്. അതേസമയം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ അംഗബലം 106 മാത്രമാണ്.ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ വോട്ടും നിര്‍ണായകമാകും. രാജ്യസഭയിലിപ്പോള്‍ നാല് അംഗങ്ങളുടെ ഒഴിവുണ്ട്. ഇതില്‍ മൂന്ന് പേരെ രാഷ്ട്രപതിയാണ് നാമനിര്‍ദേശം ചെയ്യുക. കണക്കുള്‍ പ്രതികൂലമാണെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്.

മമത ബാനര്‍ജിയുടെ സ്ഥാനാര്‍ഥിയായ സുഖേന്ദു ശേഖറിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയും പ്രതിപക്ഷ വിശാല സഖ്യവും തമ്മിലുള്ള ബലപരീക്ഷണ വേദിയായിമാറും രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്.

chandrika: