X
    Categories: CultureMoreNewsViews

ബന്ധു നിയമനം: കെ.ടി ജലീലിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യോഗ്യതയില്‍ മാറ്റം വരുത്തി മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികക്ക് ബിരുദത്തോടൊപ്പം എം.ബി.എ (മാര്‍ക്കറ്റിങ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ലിയു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പി.ജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിങ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിത് ചെയ്തത്.

മാത്രമല്ല, ഇത് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും സംശയമുണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചുവരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതിനെ കുറ്റസമ്മതമായി കാണേണ്ടിവരും. ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: