X

‘ഐസക്ക് കോഴ സാക്ഷി’, ഇടപാട് നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍; ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരിയില്‍ യുഎഇ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ സഹായത്തോടെ യൂണിടാക് കമ്പനി നിര്‍മിക്കുന്ന ഭവനസമുച്ചയ പദ്ധതിക്കു ഭൂമി നല്‍കിയതിനപ്പുറം അതുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്നാണ് വാര്‍ത്തകളിലൂടെ വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നു. യൂണിടാക്കുമായി സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പദ്ധതി രൂപരേഖ യൂണിടാക് 2019 ഓഗസ്റ്റ് 22ന് സമര്‍പ്പിച്ചത് ലൈഫ് മിഷനാണ്. ആ രൂപരേഖ ലൈഫ് മിഷന്‍ അംഗീകരിച്ചു. ഓഗസ്റ്റ് 26നു ലൈഫ് മിഷന്‍ സിഇഒ റെഡ്ക്രസന്റിനു നല്‍കിയ കത്തില്‍ യൂണിടാകിന്റെ പ്ലാന്‍ അംഗീകരിച്ചതായി പറയുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിനു റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

കരാര്‍ ലഭിക്കാന്‍ കോടികളുടെ കോഴ ഇടപാടു നടന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നു വ്യക്തമാണ്. പദ്ധതി ലഭിക്കാന്‍ യൂണിടാക് കോഴകൊടുത്ത കാര്യം അറിയാമായിരുന്നു എന്നാണ് പാര്‍ട്ടി ചാനലില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കോഴയെ സംബന്ധിച്ചു സര്‍ക്കാരില്‍ എല്ലാവര്‍ക്കും നേരത്തേ അറിയാമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇത്രവലിയ തട്ടിപ്പു നടക്കുന്നെന്ന് അറിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ധനകാര്യമന്ത്രി തയാറായില്ല. ഇത് ഗുരുതരമായ തെറ്റാണ്. എന്തുകൊണ്ട് അദ്ദേഹം അറിയിച്ചില്ല? തോമസ് ഐസക്കിനെ കോഴസാക്ഷി എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇങ്ങനെ കേരളത്തിന്റെ ധനകാര്യമന്ത്രി അധഃപതിക്കാന്‍ പാടുണ്ടോ. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മന്ത്രി അവതരിപ്പിക്കുന്ന ധനബില്‍ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും. എത്ര കോഴകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ധനകാര്യ ബില്ലാകും അദ്ദേഹം അവതരിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് യൂണിടാക്കിനു കരാര്‍ ലഭിച്ചത്. ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി പരിശോധനയ്ക്കായി വിളിച്ചെന്നു പറയുന്നത് ജനത്തെ കബളിപ്പിക്കാനാണ്. താന്‍ ഒന്നും അറിഞ്ഞില്ലെന്നു പറയാനുള്ള വിഫലശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. ധനമന്ത്രി, നിയമമന്ത്രി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്നിവര്‍ പറയുന്നതു പദ്ധതിക്കായി യൂണിടാക് 4.25 കോടിരൂപ കോഴ നല്‍കിയെന്നാണ്. അപ്പോള്‍ ഈ വിവരം മുഖ്യമന്ത്രിയും അറിയണ്ടേതാണെന്നും ചെന്നിത്തല പറഞ്ഞു.

web desk 3: