X
    Categories: CultureNewsViews

അനുഗ്രഹം തേടി രമ്യാ ഹരിദാസ് പാണക്കാട്ട് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഹൈദരലി തങ്ങള്‍


മലപ്പുറം: നല്ലഭൂരിപക്ഷത്തില്‍ വിജയിച്ചുവരും. ഒരു പേടിയും കൂടാതെ മുന്നോട്ടുപോയ്‌ക്കൊള്ളൂ…
അനുഗ്രഹം തേടി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. പ്രചരണം നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞു. എല്ലാം നന്നായി വരുമെന്നും എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതുമണിയോടുകൂടിയാണ് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയോടൊപ്പം രമ്യ ഹരിദാസ് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയത്.
വീട്ടിലെത്തിയ രമ്യഹരിദാസിനെ ഹൈദരലി തങ്ങളും മുനവറലി തങ്ങളും കുടുംബവും സ്‌നേഹത്തോടെ അകത്ത് സ്വീകരിച്ചിരുത്തി. അരമണിക്കൂറോളം സൗഹൃദ സംഭാഷണത്തിനുശേഷം ചായയും കുടിച്ചാണ് രമ്യഹരിദാസ് പടിയിറങ്ങിയത്. ഇതിനിടയില്‍ മുനവറലി തങ്ങളുമായി രമ്യ സെല്‍ഫിയെടുമെടുത്തു. രമ്യ കേവലം ഒരു സ്ഥാാനാര്‍ത്ഥിയല്ല ഒരു പ്രതീകമാണെന്ന് മുനവറലി തങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ എന്നും തഴയപ്പെടുന്ന പിന്നോക്ക വിഭാഗത്തിന്റെ പ്രതീക്ഷ കൂടിയാണ് രമ്യ. മ്മടെ പെങ്ങളുകുട്ടി പാര്‍ലമെന്റില്‍ ആദ്യം എത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും മുനവറലി തങ്ങള്‍ കൂട്ടിചേര്‍ത്തു.
പാണക്കാട് തറവാടിനെയും തങ്ങള്‍മാരെയുംകുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കൊടപ്പനക്കല്‍ വീട്ടിലേക്ക് വരുന്നതെന്ന് രമ്യഹരിദാസ് പറഞ്ഞു. കൊടപ്പനക്കല്‍ തറവാട് സന്ദര്‍ശിക്കാനായത് വലിയ പുണ്യമായി കരുതുന്നു. ഇവിടെ വന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നതായും ഒരുപാട് ആത്മവിശ്വാസം വര്‍ദ്ധിച്ചതായും രമ്യ ഹരിദാസ് പറഞ്ഞു. പിന്നീട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. നന്നായി പ്രവര്‍ത്തിക്കണമെന്നും വിജയം ഉറപ്പാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും രമ്യഹരിദാസിനോട് ആശംസിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: