X
    Categories: NewsViews

പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിവാദത്തി ല്‍. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നും കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പോസ്റ്റ് കൊളോണിയല്‍ അസം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.
അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും ഗൊഗോയി പറഞ്ഞു. 19 ലക്ഷമാണോ 40 ലക്ഷമാണോ എന്നതല്ല വിഷയം. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണ് എന്ന് മനസിലാക്കണം. മാധ്യമങ്ങളെയും ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില മാധ്യമങ്ങള്‍ നിരുത്തരവാദിത്തപരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സ്ഥിതി വഷളാക്കുകയാണ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ച് ഒരു പരിധിവരെ വ്യക്തമാകുക ആവശ്യമായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് പൗരത്വ രജിസ്റ്ററിലൂടെ നടന്നത്. അതില്‍ മറ്റു വിവാദങ്ങള്‍ക്ക് സ്ഥാനമില്ല- രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. ഈ മാസം 17ന് വിരമിക്കാനിരിക്കെയാണ് സങ്കീര്‍ണമായ വിഷയത്തില്‍ ഗൊഗോയി നിലപാട് വ്യക്തമാക്കിയത്. ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ്, ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധന, റഫാല്‍ യുദ്ധവിമാന ഇടപാട് തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചുകള്‍ 15 നകം വിധി പറയാനിനിരിക്കെയാണ്.
ആഗസ്റ്റ് 31 നാണ് അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ട്രൈബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിക്കുന്നവരെ നാടു കടത്തുന്നതിനു മുമ്പായി പാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് ആറ് തടങ്കല്‍ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: