X
    Categories: CultureNewsViews

സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ഐ.എ.എസുകാരിയുടെ ബുദ്ധി അളക്കാന്‍ താങ്കള്‍ പോരാ…എം.എല്‍.എക്ക് രേണു രാജിന്റെ സഹപാഠിയുടെ മറുപടി

ഡോ.നെല്‍സണ്‍ ജോസഫ്‌

കുറെക്കാലമായി തിരക്കുകളിൽപ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങൾ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവർ നമുക്ക് എത്താൻ കഴിയാത്ത ഉയരങ്ങളിലെത്തിനിൽക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിൻ്റേത്.

അങ്ങനെ പറഞ്ഞാൽ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാൽ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയും പ്രിൻ്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാർത്തയിൽ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിൻ്റെ പേരിലല്ല.

വാർത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറിൽ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിൻ്റെ കെട്ടിടനിർമാണം പരിസ്ഥിതിപ്രവർത്തകരുടെ പരാതിയെത്തുടർന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. അതെത്തുടർന്ന് എം.എൽ.എ എസ്.രാജേന്ദ്രൻ ഇങ്ങനെ പറഞ്ഞു

” അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ “

ഈ സബ് കളക്ടർക്ക് മാത്രമാണ് പ്രശ്നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവർക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുൻപത്തെ സബ് കളക്ടറുടെയും അതിനു മുൻപ് എലിയെ പിടിക്കാൻ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങൾ പറയാം.

ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടർമാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പർ ഡിസക്ഷൻ ടേബിളിൽ അയൽവക്കമായിട്ടും വാർഡിൽ യൂണിറ്റിലൊരാളായിട്ടും അഞ്ചര വർഷം. അന്നും ഐ.എ.എസിനെക്കുറിച്ച്‌ ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത്‌ ഒടുവിൽ നേടിയെടുക്കുകയും ചെയ്തു

അതായത് പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻ്റ്രൻസെഴുതി ഗവണ്മെൻ്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐ.എ.എസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ.

ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അർഥമെന്നും ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും – അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈൻ മാനായാലും ടോൾ പ്ലാസയിലെ തൊഴിലാളിയായാലും സർക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസൻസല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം.

അത്രമാത്രം

സബ്‌ കളക്ടർ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ നിയമം കൊണ്ട്‌ നേരിടണം എം.എൽ.എ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി ) അല്ലാതെ വായിൽ തോന്നുന്നത്‌ പറഞ്ഞ്‌ ഗ്രാമത്തിന്റെ തലയിൽ വയ്ക്കേണ്ട

ഡോ.രേണുവിനു സർവ പിന്തുണയും

ചന്ദ്രിക വെബ് ഡെസ്‌ക്‌: