X

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ 11കാരിയുടെ വീട് പ്രതികള്‍ തീയിട്ടു; രണ്ടു പിഞ്ചുകുട്ടികളുടെ നില ഗുരുതരം; വീട്ടുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ ആക്രമിച്ച പ്രതികള്‍ വീടിന് തീയിട്ടു. രണ്ട് പിഞ്ചു കുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 11കാരിയുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രണ്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികളാണ് ഗുണ്ടകളെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം അഴിച്ചുവിട്ടത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍, പീഡനത്തിരയായ പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു ശേഷമാണ് വീടിന് തീവെച്ചത്.

പീഡനത്തെ തുടര്‍ന്ന് ജനിച്ച ആണ്‍കുഞ്ഞിന് 35 ശതമാനവും, രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. കുട്ടികള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുഞ്ഞിനെ കൊലപ്പെടുത്താനാണ് പ്രതികള്‍ വീടിന് തീയിട്ടതെന്ന് അതിജീവിതയുടെ അമ്മ ആരോപിച്ചു.

2022 ഫെബ്രുവരി 13നാണ് ഉന്നാവില്‍ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അച്ഛനെയും പ്രതികളും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.

webdesk13: