X

പെനാല്‍ട്ടി എങ്ങനെ പാഴാക്കാം; റയല്‍ വക സ്റ്റഡീ ക്ലാസ്

ലോസാഞ്ചലസ്: എങ്ങനെ പെനാല്‍ട്ടി ഷോട്ടുകള്‍ പാഴാക്കാം…? ഈ വിഷയത്തില്‍ ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്‍പ്പന്ത് ലോകത്തെ വിഖ്യാതരായ താരങ്ങളാണ് പന്ത് തട്ടിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം…? നിശ്ചിത സമയത്ത് 1-1 ല്‍ കലാശിച്ച സൂപ്പര്‍ പോരാട്ടം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ ഇരു ടീമുകളില്‍ നിന്നുമായി ഏഴ് സൂപ്പര്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കി. ആന്റണി മാര്‍ഷ്യല്‍ അടിച്ച ഷോട്ട് പുറത്ത്.

മാത്യു കോവീച്ചിന്റെ ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്. സ്‌ക്കോട്ട് മക്ടോമിനി പന്തടിച്ചത് ആകാശത്തേക്ക്. ഓസ്‌ക്കാര്‍ റോഡ്രിഗസിന്റെ ഷോട്ട് വാരകള്‍ പുറത്ത്. വിക്റ്റര്‍ ലിന്‍ഡലിന്റെ ഷോട്ടും പുറത്ത്. തിയോ ഹെര്‍ണാണ്ടസ് എന്ന റയല്‍ യുവതാരത്തിനും പിഴച്ചു. ഡെയിലെ ബ്ലെന്‍ഡ് എന്ന അനുഭവസമ്പന്നന്റെ കാര്യത്തിലും നോ രക്ഷ. അനുഭവക്കരുത്തില്‍ റയലിന്റെ വിലാസമായ കാസിമിറോക്കും പിഴച്ചു. രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഹെന്‍ട്രി മിത്രായന്റെയും ലൂയിസ് കുസാദയുടെയും.

ഈ നേട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം നേടി.സൈനുദ്ദീന്‍ സിദാന്റെ സംഘം യൂറോപ്പിലെ ചാമ്പ്യന്മാരാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ ഒഴികെ ബാക്കിയെല്ലാ സൂപ്പര്‍ താരങ്ങളും കളിക്കെത്തിയിരുന്നു. പക്ഷേ സീസണിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ വന്‍കരാ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനത്തിന് പകരം ശരാശരി മികവ് മാത്രമാണ് റയലിന് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജെസി ലിന്‍ഗാര്‍ഡിന്റെ ഗോളില്‍ മാഞ്ചസ്റ്ററാണ് ലീഡ് നേടിയത്. എന്നാല്‍ തിയോ ഹെര്‍ണാണ്ടസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ഷോട്ട് കാസിമിറോ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മല്‍സരം 1-1 ല്‍. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. അവിടെയാണ് റയലിന്റെ സൂപ്പര്‍ താരങ്ങള്‍ ദയനീയമായത്.

എല്ലാ ഷോട്ടുകളും അവര്‍ തുലച്ചപ്പോള്‍ തലയില്‍ കൈ വെക്കാന്‍ മാത്രമായിരുന്നു കോച്ച് സിദാന്റെ വിധി. റയല്‍ ഇത്തവണ സ്വന്തം ക്യാമ്പിലേക്ക് ലക്ഷ്യമിട്ട ഗോള്‍ക്കീപ്പറായ ഡേവിഡ് ഡി ഗിയയായിരുന്നു പെനാല്‍ട്ടി വേളയില്‍ മാഞ്ചസ്റ്ററിന്റെ വല കാത്തത്. കോവിച്ചിന്റെയും ഒസ്‌ക്കാറിന്റെയും ഷോട്ടുകള്‍ തടഞ്ഞ് തന്റെ കരുത്തും അദ്ദേഹം പ്രകടിപ്പിച്ചു. റയല്‍ വല കാത്തത് അവരുടെ അനുഭവസമ്പന്നനായ കോസ്റ്റാറിക്കന്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസായിരുന്നു. പക്ഷേ ഒരു ഷോട്ട് പോലും തടയാന്‍ നവാസിനായില്ല.

chandrika: