X
    Categories: local

റസാഖ് വിട പറഞ്ഞത് നിരവധി പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്

കൊണ്ടോട്ടി :സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സി.പി.എം ചിന്തകനും മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിന്റെ ഞെട്ടലില്‍ നാടും സാംസ്‌കാരിക ലോകവും. മരണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് നേരെ സമഗ്രാ ന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

വീടിന് സമീപത്തെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരെ റസാഖ് ഏറെ കാലമായി പോരാടുന്നുണ്ട്. മരണവും ഒരു സമരമാണ്, സമയം 7 മണി, ഇതും ഒരു സമരമാണ് എന്ന് രേഖപ്പെടുത്തിയാണ് അവസാനം റസാഖ് തന്റെ പ്രതിഷേധം തുറന്ന് കാട്ടിയത്. മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും നല്‍കിയ പരാതികളുടെ കോപ്പികളും കേസ് നടത്തിയ ഫയലുകളുമൊക്കെ ഒരു സഞ്ചിയിലാക്കി നെഞ്ചില്‍ ചേര്‍ത്തു വെച്ചായിരുന്നു ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച റസാഖ് ജീവിതം നിര്‍ത്തിയത്. സഞ്ചിയില്‍ ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്ത് ഭരണ സമിതിക്കും കരിപ്പൂര്‍ പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനമുണ്ട്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്ര ഉടമകളെ കരിപ്പൂര്‍ പൊലീസ് അന്യായമായി സഹായിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാപന ഉടമയോട് സി.പി.എം ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വലിയ തുക വാങ്ങിച്ച തായും ഇതിന് പ്രത്യുപകാരമാണ് കമ്പനിക്ക് കൂടെ നില്‍ക്കുന്നതെന്നും റസാഖ്് പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തുറന്ന് പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ബഷീര്‍ സ്ഥാപനകാരണം ഐ.എല്‍.ഡി ബാധിച്ച് മരണപ്പെട്ടിട്ടും പരാതി കേള്‍ക്കുവാന്‍ പോയിട്ട് ഒരാശ്വാസം പകരുവാന്‍ പോലും പഞ്ചായത്തധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് റസാഖ് നിരന്തരം സങ്കടപ്പെട്ടിരുന്നു. പാര്‍ട്ടിക്കുവേണ്ടി സ്വന്തം വീടും സ്വത്തും നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അവഗണിച്ചതോടെ വീട് ഇ.എം.എസ് ഭവന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന പേരില്‍ സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരുന്നു. നിര്‍ധനരായ ഒട്ടേറെ കുട്ടികളെ റസാഖ് ദത്തെടുത്ത് പഠിപ്പിക്കുന്നുണ്ട്. ഇവരുടെ തുടര്‍ പഠനം, ലൈബ്രറി എന്നിവ പദ്ധതികളുണ്ടായിരുന്നു. കൂടാതെ മരണപ്പെട്ട അനുജന്‍ അഷ്‌റഫിന്റെ കുടുംബത്തിന് വീടിന് സമീപം വീട് വെച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തറയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു.

എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ എല്ലാം ബാക്കി വെച്ചാണ് റസാഖ് വിട പറഞ്ഞത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ റസാഖ് വായിക്കാന്‍ എടുത്തിരുന്നു. ഇത് തിരിച്ച് ഏല്‍പിച്ച ശേഷം എത്തിയ പിറ്റേന്നാണ് മരിക്കുന്നത്. ടിപ്പു സുല്‍ത്താനെ പറ്റി ഒരു ബൃഹത് ഗ്രന്ഥത്തിന്റെ പണി പുരയിലായിരുന്നു. ഇതിന് വേണ്ടി ഒട്ടേറെ തവണ മൈസൂര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍  റസാഖ് ജീവിതം അവസാനിപ്പിച്ചു.

webdesk11: