X
    Categories: MoreViews

എടിഎം വഴി 10,000 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ 24,000 പരിധി

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു.
എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം, 24,000 എന്ന പരിധി തുടരും. എന്നാല്‍ വ്യാപാരികള്‍ക്കും മറ്റുമായി കറന്റ് അക്കൗണ്ട് വഴി ഒരാഴ്ച പിന്‍വിലിക്കാവുന്ന തുക ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ 50,000 രൂപയായിരുന്ന പരിധി.

അതേസമയം ജനങ്ങള്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകളുടെ പുതിയ നിര്‍ദേശം വന്നതായി റിപ്പോര്‍ട്ട്. സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്ന കാരണം ഉപയോഗപ്പെടുത്തിയാണ് ബാങ്കുകളുടെ പുതിയ നിലപാട്. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ബാങ്ക് മേധാവികള്‍ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിലെത്തിച്ചത്.

chandrika: