X
    Categories: CultureMoreViews

സാമ്പത്തിക മേഖല: മോദിയുടെ അവകാശവാദങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം രാജ്യത്തെ ജനങ്ങള്‍ അപ്പടി വിഴുങ്ങുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ. രാജ്യത്തെ ആറ് മെട്രോപൊളിറ്റന്‍ നഗരങ്ങളിലായി നടത്തിയ സര്‍വേയിലാണ്, ഒരു വര്‍ഷത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന എന്‍.ഡി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തലുകളുള്ളത്.

സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങളാണ് മിക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂണ്‍ ആറിനാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്.

രാജ്യത്തിന്റെ പൊതുവായ സാമ്പത്തികനില മോശമായി വരികയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കരുതുന്നു. മുന്‍ സര്‍വേയെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേരും ഇതേ ചിന്താഗതി വെച്ചുപുലര്‍ത്തുന്നു. 50 ശതമാനത്തിലേറെ പേര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാമ്പത്തിക രംഗത്ത് മെച്ചമൊന്നും ഉണ്ടായിട്ടില്ലെന്നോ കൂടുതല്‍ മോശമായി എന്നോ ചിന്തിക്കുന്നവരാണ്.

വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്നും ഭാവിയിലും അവശ്യസാധനങ്ങളുടെ വില കൂടാന്‍ തന്നെയാണ് ഇടയെന്നും ഭൂരിഭാഗം പേരും കരുതുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വിലക്കയറ്റത്തിനെതിരെ വന്‍ പ്രചരണം നടത്തിയാണ് 2014-ല്‍ മോദി നിഷ്പക്ഷ വോട്ടുകള്‍ നേടിയത്. എന്നാല്‍, അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ആര്‍.ബി.ഐ സര്‍വേകളില്‍ 70 ശതമാനത്തിലേറെ പേര്‍ വിലക്കയറ്റത്തില്‍ പരാതി പറയുന്നവരാണ്. പുതിയ സര്‍വേയില്‍ 80 ശതമാനത്തിലേറെയാളുകള്‍ മോദി ഭരണത്തില്‍ വില കുതിച്ചുകയറി എന്നു പരാതിപ്പെടുന്നു.

ഈ വര്‍ഷം ജനുവരിയിലെ ലോക സാമ്പത്തിക ഫോറത്തില്‍, ഇന്ത്യന്‍ സാമ്പത്തികരംഗം വളര്‍ച്ചയുടെ പാതയിലാണെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍, അതിനു ശേഷം സാമ്പത്തിക രംഗം കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് നിലവില്‍ രൂപയുടെ പ്രകടനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: