മാഡ്രിഡ്: സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് തീപ്പാറും പോരാട്ടം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ റയല്‍ മാഡ്രിഡും പി.എസ്.ജിയും മുഖാമുഖം. പാരീസിലെ പാര്‍ക്ക് പ്രിന്‍സെസില്‍ നടന്ന ആദ്യ പാദത്തില്‍ കിലിയന്‍ എംബാപ്പേയുടെ ഏക ഗോളില്‍ ലീഡ് നേടിയ മെസിയുടെ ടീമാണ് നിലവില്‍ കരുത്തര്‍.
ആ ഗോള്‍ തിരിച്ചടിച്ച് വിജയത്തിനാവശ്യമായ ഗോളുകളും നേടണം കരീം ബെന്‍സേമക്കും സംഘത്തിനും. ലാലീഗയില്‍ കരുത്തരായി മുന്നേറുകയാണ് റയല്‍. ഈ ആത്മവിശ്വാസമാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രകടിപ്പിക്കുന്നത്.
എന്നാല്‍ കരുത്തനായി കളിക്കുന്ന എംബാപ്പേയെ തളക്കുകയാണ് റയല്‍ പ്രതിരോധത്തിന് പ്രശ്‌നം. ആദ്യ പാദത്തില്‍ എംബാപ്പേയെ തടയുന്നതില്‍ അവസാനം വരെ വിജയിച്ചിരുന്നു റയല്‍ ഡിഫന്‍സ്. പക്ഷേ ഒരു നിമിഷത്തെ പിഴവില്‍ നെയ്മര്‍ നല്‍കിയ ക്രോസില്‍ ഫ്രഞ്ചുകാരന്‍ വില്ലനായി. എംബാപ്പേയെ നോട്ടമിട്ട ടീമാണ് റയല്‍.
അടുത്ത സീസണില്‍ സാന്‍ഡിയാഗോയില്‍ കളിക്കേണ്ട താരമാണ് 23 കാരന്‍ എന്ന് പറയുമ്പോഴും അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ പി.എസ്.ജി ഒരുക്കമല്ല. വലിയ ഓഫറാണ് എംബാപ്പേക്ക് മുന്നില്‍ അവര്‍ നല്‍കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌പോര്‍ട്ടിംഗ് ലിസ്ബണെ നേരിടുന്നുണ്ട്. അഞ്ച് ഗോള്‍ ലീഡ് ആദ്യ പാദത്തില്‍ ലീഡ് നേടിയ സിറ്റിക്ക് പേടിക്കാനില്ല.