X

കിങ്‌സ് കപ്പ്: റയലിന് സെല്‍റ്റാവിഗോയുടെ ഷോക്ക്

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം ലാലീഗയില്‍ ടോപ്‌സ്‌കോററായ സ്പാനിഷ് താരം ഇയാഗോ അസ്പാസാണ് റയലിനെ ഞെട്ടിച്ചു കൊണ്ട് 64-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലോയിലൂടെ റയല്‍ സമനില പിടിച്ചു. എന്നാല്‍ 59,000 ത്തോളം വരുന്ന സാന്റിയാഗോ ബര്‍ണബ്യൂവിലെ കാണികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു മിനിറ്റിനകം സെല്‍റ്റാവിഗോ ലീഡ് നേടി. ഇയാഗോ അസ്പാസിന്റെ മികച്ച നീക്കമാണ് ഗോളിന് വഴിവെച്ചത്. സെല്‍റ്റയുടെ ഫുള്‍ ബാക്ക് ജോണി കാസ്‌ട്രോയുടെ ഷോട്ട് കികോ കാസില്ലയെ മറി കടന്ന് വലയിലായി. സ്‌കോര്‍ 2-1. റയലിനെതിരെ കിങ്‌സ് കപ്പില്‍ ഇതാദ്യമായാണ് സെല്‍റ്റവിഗോ എവേ മത്സരത്തില്‍ വിജയം നേടുന്നത്. അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ കരീം ബെന്‍സീമ ചില മികച്ച ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ റയല്‍ പരാജയപ്പെട്ടു. ഞായറാഴ്ച ലാ ലീഗയില്‍ രണ്ടാം സ്ഥാനക്കാരായ സെവില്ലയോട് 2-1ന് തോറ്റതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സെല്‍റ്റാവിഗോ റയലിനെ മുട്ടുകുത്തിച്ചത്.

എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ കളിയില്‍ വേണ്ടത്ര ഏകാഗ്രത കാണിക്കാന്‍ തങ്ങള്‍ക്കായില്ലെന്നുമായിരുന്നു മത്സര ശേഷം റയല്‍ കോച്ച് സിനഡിന്‍ സിദാന്റെ പ്രതികരണം. ഇത്തവണ മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചതെങ്കിലും രണ്ടാം പാദത്തില്‍ തിരിച്ചു വരാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരം. സെമി ഫൈനലില്‍ എത്തണമെങ്കില്‍ റയലിന് രണ്ട് ഗോളുകളുടെ ജയമോ അല്ലെങ്കില്‍ ചുരുങ്ങിയത് 3-2ന്റെ വിജയമെങ്കിലും വേണം. ഇരു പാദ മത്സരങ്ങളില്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1ന് തോറ്റ ശേഷം റയല്‍ ഇതുവരെ എതിരാളികളെ മറികടന്ന് സെമിയില്‍ പ്രവേശിച്ചിട്ടില്ല. മറ്റൊരു മത്സരത്തില്‍ ഡെപോര്‍ട്ടിവോ അലാവസ് രണ്ടാം ഡിവിഷന്‍ ടീമായ അല്‍കോര്‍കോണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു.

chandrika: