X

സൂപ്പറങ്കമിന്ന്

യൂറോപ്പും ഫുട്‌ബോള്‍ ലോകവും കാത്തുകാത്തിരുന്ന ഫൈനല്‍ ഇന്ന് അര്‍ധരാത്രി. ഇന്ത്യന്‍ സമയം 12 ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍ നിന്നുള്ള യുവന്തസുമായി കളിക്കുന്നു. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്1,2 ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ സംഘത്തിനാണ് ഫുട്‌ബോള്‍ ലോകം സാധ്യത കല്‍പ്പിക്കുന്നത്. അത്യുഗ്ര ഫോമില്‍ കളിക്കുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍ എന്നിവരടങ്ങുന്ന മുന്‍നിരയും കാസിമിറോ, സെര്‍ജിയോ റാമോസ്, മാര്‍സിലോ, ടോണി ക്രൂസ് എന്നിവരടങ്ങുന്ന പ്രതിരോധ നിരയും ലുക്കാ മോദ്രിച്ച് നയിക്കുന്ന മധ്യനിരയും ടീമിന്റെ കരുത്താണെങ്കില്‍ പ്രതിരോധാത്മക ഫുട്‌ബോളിന്റെ വക്താക്കളായ യുവന്തസ് പിന്‍നിരയില്‍ പ്രബലര്‍ മാത്രമാണുള്ളത്. ഇറ്റലിക്കാരായ ചെലിനിയും ബനൂച്ചിയും ബ്രസീലുകാരനായ ഡാനി ആല്‍വസുമെല്ലാം ലോകത്തിലെ പേരു കേട്ട പിന്‍നിരക്കാരാണ്. ഇതിന് പുറമെയാണ് ടീമിനെ നയിക്കുന്ന ലോകത്തിലെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍. റയല്‍ മുന്‍നിരയും യുവന്തസ് പിന്‍നിരയും തമ്മിലുള്ള പോരിനിടെ അവസരവാദികളായി കളിക്കാന്‍ യുവന്തസിന്റെ രണ്ട് മുന്‍നിരക്കാരുണ്ട്-അര്‍ജന്റീനക്കാരായ പൗളോ ഡി ബാലെയും ഗോണ്‍സാലോ ഹ്വിഗിനും. ഇവരുടെ കടന്നുകയറ്റം ചെറുക്കാന്‍ കൈലര്‍ നവാസ് എന്ന കോസ്റ്റാറിക്കന്‍ ഗോള്‍ക്കീപ്പറുണ്ട് റയലിന്. ബലാബലം നില്‍ക്കുന്ന രണ്ട് ശക്തികള്‍ തമ്മിലുള്ള കാര്‍ഡിഫ് അങ്കം 90 മിനുട്ട് സമനില പാലിച്ചാല്‍ 30 മിനുട്ട് അധികസമയം കളിക്കും. തുടര്‍ന്നും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട് വിജയികളെ നിശ്ചയിക്കും.

chandrika: