X

കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍: ബി.ജെ.പി യോഗങ്ങളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്‍ട്ടി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്‍ശനമുയര്‍ന്നത്. കേരളത്തിലെ പാര്‍ട്ടി നേതാക്കളിലെ ഭിന്നതയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതിനുശേഷം സംസ്ഥാനത്ത് ബി.ജെ.പിക്ക് അധ്യക്ഷനെ ഇതുവരെ പ്രഖ്യാപിക്കാന്‍ കഴിയാത്തതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുമ്മനത്തിനു പകരം സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്‍ എതിര്‍പ്പുമായി ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം മേയ് 25 നാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോര്‍കമ്മിറ്റി യോഗത്തില്‍ ഇപ്പോള്‍ ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറിക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും.

chandrika: