X
    Categories: MoreViews

യമന്‍ യുദ്ധം: ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ മേധാവി

 

ജനീവ/സന്‍ആ: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലെ ഹുദൈദ തുറമുഖ നഗരം ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കെ സാധാരണക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍.
ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ സൈനിക നടപടി അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍. ആഭ്യന്തര യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന യമന്‍ ജനതക്ക് ഹുദൈദ തുറമുഖം വഴി എത്തുന്ന അന്താരാഷ്ട്ര സഹായം നിലക്കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കും.
ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന അക്രമാസക്ത ദേശീയ ലോകസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഹൂഥി വിമതരില്‍നിന്ന് ഹുദൈദ തുറമുഖത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അറബ് സഖ്യസേന സൈനിക നടപടിയുമായി മുന്നോട്ടുപോകുകയാണ്. തിങ്കളാഴ്ച ഹൂഥി കേന്ദ്രങ്ങളില്‍ സഖ്യം അപ്പാഷെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഹുദൈദ വിമാനത്താവളത്തിന് സമീപം സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മുകലില്‍ നിലയുറപ്പിച്ചിരിക്കുന്ന ഹൂഥി സ്‌നിപ്പര്‍മാരെയും പോരാളികളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മൂന്ന് വര്‍ഷത്തിനിടെ യമനില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സാധാരണക്കാര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പലായനം ചെയ്യുകയാണ്. ഏറ്റുമുട്ടലില്‍ അനേകം സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സന്നദ്ധ സംഘടനകളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. 24 മണിക്കൂറിനിടെ യമനിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പതിലേറെ വ്യോമാക്രമണങ്ങള്‍ നടന്നതായി ഹൂഥികള്‍ പറയുന്നു.
ഹുദൈദ നഷ്ടപ്പെടുന്നത് ഹൂഥികളെ കൂടുതല്‍ ദുര്‍ബലമാക്കും. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഹൂഥി ശക്തികേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തുന്നത് ഇതുവഴിയാണ്. അറബ് സഖ്യസേന ആക്രമണം ശക്തമായ ശേഷം ഭക്ഷ്യവസ്തുക്കളും മരുന്നും കിട്ടാതെ ജനസംഖ്യയില്‍ 70 ശതമാനവും വീര്‍പ്പുമുട്ടുകയാണ്.

chandrika: