X

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. ഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും ഒന്‍പതും നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്ററും 15ാം നമ്പര്‍ ഷട്ടര്‍ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതല്‍ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

 

 

web desk 3: