X
    Categories: Sports

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കുക ‘2014 ലോകകപ്പിലെ ഏറ്റവും മോശം’ റഫറി

കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ് സെര്‍ബിയക്കാരനായ മാസിച്ച്. ജര്‍മനി-പോര്‍ച്ചുഗല്‍ ഹൈ വോള്‍ട്ടേജ് മത്സരത്തിനിടെ ജര്‍മനിക്ക് അനുകൂലമായി വിവാദ പെനാല്‍ട്ടി നല്‍കുകയും പോര്‍ച്ചുഗീസ് താരം പെപെയെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്ത മാസിച്ചിന്റെ തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അര്‍ജന്റീന – ഇറാന്‍ മത്സരം നിയന്ത്രിച്ച ഇദ്ദേഹം ഇറാന് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാല്‍ട്ടി നിഷേധിക്കുകയും ചെയ്തു.

ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം പോര്‍ച്ചുഗല്‍ കോച്ച് പൗളോ ബെന്റോ, റഫറി പക്ഷം പിടിച്ചുവെന്ന് പരസ്യമായി ആരോപിച്ചിരുന്നു. ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് ചോദിച്ചത് ‘ഇത്തരം മോശം തീരുമാനങ്ങള്‍ ഞങ്ങള്‍ക്കെതിരെ എടുത്തതിനു ശേഷം അയാള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും?’ എന്നായിരുന്നു. ‘റെഡ്കാര്‍ഡ് ദി റെഫ്’ എന്ന വെബ്‌സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ മിലോറാഡ് മാസിച്ചിനെ ഏറ്റവും മോശം റഫറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

2014-ല്‍ മോശം പ്രകടനത്തിന് പഴികേട്ടെങ്കിലും 2016 യൂറോ കപ്പില്‍ മാസിച്ചിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. ഫൈനല്‍ നിയന്ത്രിക്കാന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് ആണ് ഫ്രാന്‍സ് – പോര്‍ച്ചുഗല്‍ ഫൈനല്‍ നിയന്ത്രിച്ചത്.

ഇക്കഴിഞ്ഞ സീസണില്‍ സെര്‍ബിയ സൂപ്പര്‍ ലീഗിലാണ് മാസിച്ച് പ്രധാനമായും മത്സരങ്ങള്‍ നിയന്ത്രിച്ചത്. മാര്‍ച്ച് 27-ന് മോണ്ടനെഗ്രോയും തുര്‍ക്കിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ച 40 കാരന്‍ യൂറോപ്പ ലീഗില്‍ സ്‌പോര്‍ട്ടിങും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലും റഫറിയായിരുന്നു. അവസാനം നിയന്ത്രിച്ച അഞ്ച് മത്സരങ്ങളില്‍ ഇദ്ദേഹം 18 മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പു കാര്‍ഡുകളും ഇദ്ദേഹം പുറത്തെടുത്തു.

റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ഫൈനല്‍ മത്സരം ഉക്രെയ്‌നിലെ കീവില്‍ ഈ മാസം 27-നാണ് നടക്കുന്നത്. തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മാഡ്രിഡ് ഇറങ്ങുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: