X

മതേതരത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു മുസ്ലിംലീഗ് മുന്നേറും: അഡ്വ.മുഹമ്മദ്ഷാ

റസാഖ് ഒരുമനയൂര്‍

അബുദാബി: മതേതരത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു മുസ്ലിംലീഗ് പ്രസ്ഥാനം അതിന്റെ ദൗത്യവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ്ഷാ വ്യക്തമാക്കി.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തിന്റെ അവസാന സെഷന്‍ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബഹുഭൂരിഭാഗം ഹിന്ദുക്കളും മതേതരത്വം ആഗ്രഹിക്കുന്നവരാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗ് എന്നും മതേതരത്വത്തിന് പ്രാമുഖ്യം നല്‍കുകയും അതിനുവേണ്ടി കഠിനപ്രയത്‌നം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. മുസ്ലിംസമുദായത്തിനുവേണ്ടിമാത്രമല്ല മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുകയും വ്യക്തമായ നയപരിപാടികള്‍ സുതാര്യമായി പൊതുസമൂഹത്തിനുമുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

മതവൈര്യവും മനുഷ്യര്‍ക്കിടയില്‍ വെറുപ്പും പ്രചരിപ്പിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ മതേതരത്വത്തിന്റെ മഹത്തായ സന്ദേശമാണ് മുസ്ലിംലീഗ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിനുമുമ്പില്‍ ഭാരതത്തിന്റെ മഹിമ കൂടുതല്‍ ഭോഭയോടെ നിലനിറുത്താന്‍ മുസ്ലിംലീഗ് മുന്‍പന്തിയിലുണ്ടാകും. അത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് അഡ്വ. മുഹമ്മദ്ഷാ പറഞ്ഞു.

മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് അസീസ് കാളിയാടന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യുഅബ്ദുല്ലാ ഫാറൂഖി പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു. മുസ്ലിംയൂത്ത ലീഗ് ദേശീയ കാര്യദര്‍ശി അഡ്വ. ഫൈസല്‍ ബാബു മുസ്ലിംലീഗിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു.
ഇബ്രാഹിംഹാജി മുതൂര്‍ ആശംസാ പ്രസംഗം നടത്തി. അഷറഫലി നന്ദി രേഖപ്പെടുത്തി.

webdesk14: