X

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കല്‍ : ഓര്‍ഡിനന്‍സ് രാഷട്രീയ നാടകം

കെ.പി ജലീല്‍

കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള പുറപ്പാടായി വേണം കാണാന്‍. സി.പി.എം സംസ്ഥാനസമിതിയാണ് കഴിഞ്ഞദിവസം ഇതിന് അനുമതി നല്‍കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു.

ഗവര്‍ണറുടെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാനുള്ള അധികാരം അധികാരം അദ്ദേഹം ഉപയോഗിക്കാതിരുന്നാല്‍ ഫലത്തില്‍ ഈ ഓര്‍ഡിനന്‍സ് കൊണ്ട് കാര്യമുണ്ടാകില്ല. ഓര്‍ഡിനന്‍സ് നിയമമാകണമെങ്കില്‍ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ സമ്മതം അനിവാര്യമാണ്. ഇതുസംബന്ധിച്ച് ഭരണഘടനയുടെ 213-ആം വകുപ്പില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. തന്നെ അടിക്കാനുള്ള വടി തന്നെക്കൊണ്ടുതന്നെ വെട്ടിക്കുന്നതാണ് ഓര്‍ഡിനന്‍സില്‍ തന്നെക്കൊണ്ട് ഒപ്പുവെക്കുന്ന നടപടി. അതിന് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നത്തെ നിലയില്‍ തയ്യാറാകുമെന്ന് കരുതാന്‍ വയ്യ. ഏറ്റുമുട്ടല്‍ ഏതറ്റം വരെയും തുടരുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയതുമാണ്. എന്നിട്ടും ജനകീയമായും രാഷ്ട്രീയമായും നിയമപരമായും ആരിഫ് ഖാനെ പൂട്ടുന്നതിനാണ് സി.പി.എം ശ്രമം.അതിന് ഘടകക്ഷികളും കൂട്ടുനില്‍ക്കുകയാണ്. ബി.ജെ.പിയുടെ ഒത്താശയോടെയാണ് ആരിഫ് ഖാന്‍ ഇത്തരത്തില്‍ നീങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ഇതിലെ രാഷ്ട്രീയമാണ് സി.പി എം ലക്ഷ്യമിടുന്നത്. യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിസിമാരെ നിയമിച്ചതെന്ന് പറഞ്ഞാണ് അവരോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ചൊവ്വാഴ്ച അവര്‍ വിശദീകരണം നല്‍കുകയുണ്ടായി. ഹൈക്കോടതിയാകട്ടെ ഗവര്‍ണറുടെ നടപടിയെ പിന്തുണച്ചിട്ടുമില്ല. സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറായി പുതിയയാളെ നിയമിച്ച ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിട്ടുമില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ ബില്ലായി നിയമസഭയില്‍ കൊണ്ടുവരാനാകും.അവിടെയും പക്ഷേ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അനുമതി ആവശ്യമാണ്. ഫലത്തില്‍ ഇതൊരു തീരാതര്‍ക്കമായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്. അതുതന്നെയാണ് സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നതും. വിഷയത്തില്‍ പ്രതിപക്ഷത്തെ ചര്‍ച്ചകളില്‍നിന്ന് അകറ്റി ജനശ്രദ്ധ തിരിക്കാമെന്നും ഇരുപാര്‍ട്ടികളുടെയും ബുദ്ധികേന്ദ്രങ്ങളും കണക്കുകൂട്ടുന്നു.കഴിഞ്ഞ ഓഗസ്റ്റില്‍ ലോകായുക്ത ഭേദഗതിയുള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും പിന്നീട് ഒപ്പിടുകയുണ്ടായി. പക്ഷേ ചാന്‍സലര്‍ പദവിയില്‍നിന്നുള്ള നീക്കം തന്നെ തന്നെ ബാധിക്കുമെന്നതിനാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങുമെന്ന് കരുതുകവയ്യ. അതേസമയം തമിഴ്നാട് ചെയ്തതുപോലെ ഗവര്‍ണറെ മാറ്റണമെന്ന്  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാരോ സി.പി.എമ്മോ ഇടതുമുന്നണിയോ തയ്യാറുമല്ല. ഇതാണ് വിഷയത്തെ രാഷ്ട്രീയനാടകമാക്കുന്നത്.

web desk 3: