X
    Categories: MoreViews

ക്യാപ്റ്റന്‍ കൂളിന്റെ ‘വിടവാങ്ങല്‍’ മത്സരത്തിനൊരുങ്ങി മുംബൈ

മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിന, ടി20 നായകന്‍ മഹേന്ദ്ര സിങ്് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സ്.കെ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ വ്യാഴാഴ്ച്ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹ മത്സരം നായകനെന്ന നിലയിലെ ധോണിയുടെ വിടവാങ്ങല്‍ മത്സരമാകും. പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.അതേ സമയം നായകനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരം എന്ന പ്രധാന്യം ഈ മത്സരത്തിന് ലഭിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. ഇതിനായുളള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ കാണികള്‍ മത്സരം നേരിട്ട് വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തിലെത്തുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. മത്സരത്തിനായി രാജ്യന്തര നിലവാരം ഒരുക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന് ടിക്കറ്റ് വില്‍പന നടത്താന്‍ ബിസിസിഐ ഒരുങ്ങിയെങ്കിലും വൈകിയ വേളയില്‍ അത് വേണ്ടെന്നാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനം.
ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, യുവരാജ് സിങ് എന്നീ മുതിര്‍ന്ന താരങ്ങളും സന്നാഹ മത്സരത്തിനുളള 12 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. എം.എസ് ധോണിയെ ഇന്ത്യ എ ടീമിന്റെ നായകാനായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന് യുവതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അറിവ് പകര്‍ന്നു കൊടുക്കാനുമുള്ള കഴിവുള്ളത് കൊണ്ടാണെന്ന് ചിഫ് സെലക്ടറായ എം.എസ്.കെ പ്രസാദ് ടീം പ്രഖ്യാപിക്കവെ വ്യക്തമാക്കിയിരുന്നു. നായകത്വത്തില്‍ നിന്നും പടിയിറങ്ങിയോ എന്നതിലല്ല, ധോണി ജന്മനാ നായക പാടവമുള്ള താരമാണെന്നും പ്രസാദ് സൂചിപ്പിച്ചിരുന്നു.

chandrika: