X
    Categories: Newsworld

യുക്രെയ്ന്‍ യുദ്ധത്തില്‍ ആളപായം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍

കീവ്: യുക്രെയ്ന്‍-റഷ്യ യുദ്ധം ശക്തമായതോടൊപ്പം കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണവും ഉയരുന്നു. ഖാര്‍ഖിവിലും ഖേഴ്‌സണിലും റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചു. ഖേഴ്‌സണിലെ ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. അര്‍ദ്ധരാത്രി ആരംഭിച്ച ഷെല്‍വര്‍ഷം മണിക്കൂറുകളോളം നീണ്ടു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോക്ക് സമീപം യുക്രെയ്ന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. 24 മണിക്കൂറിനിടെ ഡോണെസ്‌കില്‍ 135 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. മേഖലയില്‍ യുക്രെയ്‌ന്റെ സൈനിക നീക്കങ്ങള്‍ പരാജയപ്പെടുത്തിയതായും സൈനികര്‍ക്കു പുറമെ, ടാങ്കുകളും കവചിത വാഹനങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിരോധ സാമഗ്രികള്‍ തകര്‍ത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. യുദ്ധത്തില്‍ യു.എസ്, ജര്‍മന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഏറെ ഫലം ചെയ്യുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞയാഴ്ച പാശ്ചാത്യ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ 65 മിസൈലുകളും 178 ഡ്രോണുകളും തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. ബെലാറസില്‍നിന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പോളിഷ് അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കി. വാഗ്‌നര്‍ ഗ്രൂപ്പിന്റെ കൂലിപ്പടയാളികള്‍ ബെലാറസില്‍ എത്തിക്കൊണ്ടിരിക്കെ പോളണ്ടില്‍ സുരക്ഷാ സന്നാഹങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം 19,000 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായി പോളിഷ് അതിര്‍ത്തി രക്ഷാസേന പറയുന്നു.

webdesk11: