X

വര്‍ഗീയ പരാമര്‍ശം: കേന്ദ്ര മന്ത്രിക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്.
രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടിയായാണ് റിജ്ജു ട്വിറ്ററിലുടെ വിവാദ പരാമര്‍ശം നടത്തിയത്.

വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ‘നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ധാര്‍മ്മിക മൂല്യങ്ങളെ ലംഘിച്ചുകൊണ്ടാണ് റിജ്ജു ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരാണ്. കമ്മീഷന്‍ എത്രയും പെട്ടന്ന് മന്ത്രിയില്‍ നിന്നും വിശദീകരണം തേടണം’- കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ഇതേ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും മുന്നോട്ടുവന്നു. യുപി തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ വോട്ട് നേടാനായി ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കാനാണ് റിജ്ജു ശ്രമിച്ചതെന്നും സിങ് പറഞ്ഞു.

അതേസമയം റിജ്ജുവിന്റെ പരാമര്‍ശം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ആക്രമിച്ചുകൊണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ബി ജെ പി നേതാവ് ഷൈന എന്‍ സി പറഞ്ഞു.

chandrika: