X

റീത ബഹുഗുണ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന റീത ബഹുഗുണ ജോഷി ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പിയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റീത്ത ബഹുഗുണ ജോഷിയുടെ ചുവട് മാറ്റം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. നിലവില്‍ ലക്‌നോ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് റീതസഹോദരനും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹൂഗുണയുടെ പാത പിന്തുടര്‍ന്ന് റീത്ത ബഹുഗുണ ജോഷി ബി.ജെ.പിയില്‍ ചേരുന്നതായുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

24 വര്‍ഷം കോണ്‍ഗ്രസിനെ സേവിച്ച താന്‍ രാജ്യത്തിന്റെ നേട്ടത്തിനായാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് റീത്ത അറിയിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറിനെ നിശിതമായ ഭാഷയിലാണ് റീത ബഹുഗുണ ജോഷി വിമര്‍ശിച്ചത്. പ്രശാന്ത് കിഷോറിന് തെരഞ്ഞെടുപ്പ് മാനേജര്‍ ആവാനാകുമെങ്കിലും തെരഞ്ഞെടുപ്പ് സംവിധാനം ചെയ്യാനുള്ള ശേഷിയില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ബി.ജെ.പി പ്രധാനമന്ത്രിക്കു മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും അവര്‍ പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയതില്‍ റീത അസംതൃപ്തയായിരുന്നു. ഇതിനു പിന്നാലെ രാജ് ബബ്ബറിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിച്ചതോടെ തന്നെ പാര്‍ട്ടി തഴഞ്ഞതായി അവര്‍ കണക്കു കൂട്ടുകയും ചെയ്തു. ബ്രാഹ്മണ മുഖമായി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കാത്തതാണ് മുന്‍ മുഖ്യമന്ത്രി ഹേമാവതി നന്ദന്‍ ബഹുഗുണയുടെ മകളായ റീത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിടാനുള്ള പ്രധാന കാരണം. അതേ സമയം 27 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് റീത ബഹുഗുണ ജോഷിയുടെ രാജി വന്‍ തിരിച്ചടിയായാണ് കണക്കാക്കുന്നത്.

chandrika: