X

രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാട്കടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന

Rohingya refugees walk on the muddy path after crossing the Bangladesh-Myanmar border in Teknaf, Bangladesh, September 3, 2017. REUTERS/Mohammad Ponir Hossain

ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിന്‍ഗ്യ മുസ്‌ലിംകളെ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍. രോഹിന്‍ഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രനിലപാടിനെതിരെ യു.എന്‍ രംഗത്തെത്തിയത്.

രോഹിന്‍ഗ്യ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചുവീഴുന്നത്. മറ്റു സ്ഥലങ്ങളിലേക്കു ജീവനും കൊണ്ട് രക്ഷപ്പെടുന്നവരെ പോലും ഇവര്‍ വെറുതെ വിടുന്നില്ല. ഈ സാഹചര്യത്തില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്, ഇങ്ങനെ കൂട്ടത്തോളെ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 40,000ഓളം രോഹിന്‍ഗ്യ മുസ്ലിംകള്‍ ഇന്ത്യയിലുണ്ടെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. ഇവര്‍ക്കെതിരെ മ്യാന്‍മറില്‍ കടുത്ത വംശീയ സംഘര്‍ഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നും ഹൈക്കമ്മിഷണര്‍ പറഞ്ഞു.

രോഹിന്‍ഗ്യകള്‍ ബംഗ്ലദേശിലേക്ക് രക്ഷപ്പെടുന്നതു തടയാന്‍ മ്യാന്‍മര്‍ അധികൃതര്‍ അതിര്‍ത്തിയില്‍ മൈനുകള്‍ കുഴിച്ചിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്നും ഹുസൈന്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി മാനുഷികവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ നിരസിക്കപ്പെട്ട ജനതയാണ് രോഹിന്‍ഗ്യകള്‍. എന്നിട്ടും ജീവനോടെ വിടണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

chandrika: