X

റോഹിംഗ്യകളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം.

ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് വീണ്ടുമൊരു വിഭജനത്തിലേക്കാവും നയിക്കുകയെന്ന് ഗോവിന്ദാചാരിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്കുള്ള ഭീഷണി ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞ് തിരിച്ചയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ തുടരാന്‍ റോഹിംഗ്യകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളൊന്നുമില്ല. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് സ്വന്തം സര്‍ക്കാരില്‍ അധിഷ്ഠിതമായ പരമാധികാരമാണ്. അത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതല്ലെന്നും ഹര്‍ജി സൂചിപ്പിക്കുന്നുണ്ട്.

ഹര്‍ജിയില്‍ സെപ്തംബര്‍ 11ന് സുപ്രീം കോടതി വാദം കേള്‍ക്കും. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടേയും ലംഘനമാണെന്നും ഇത് തടയണെന്നും ആവശ്യപ്പെട്ട് റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ നേരത്തെ സുപ്രീം കോടതിയെ സമീച്ചിരുന്നു.

chandrika: