X

‘ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തു; കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് സമ്മേളനത്തിലാണ് ഭാഗവതിന്റെ പരാമര്‍ശം. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു പരിപാടി നടന്നിരുന്നത്.

ഒട്ടറേ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗെവാറും കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്. ആര്‍.എസ്.എസിന്റെ ആശയം ആരേയും എതിര്‍ക്കാനുള്ളതല്ലെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

നേരത്തെ, ്പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളിലുള്ളവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ ഉപദേശം നല്‍കിയിരുന്നു. ആര്‍.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റിയോഗം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം.

രാഹുല്‍ഗാന്ധി ചടങ്ങില്‍ പങ്കെടുത്താല്‍ അത് തിരിച്ചടിയാവും.ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് രാഹുല്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്താല്‍ പ്രതിച്ഛായക്കും ആദരവിനും മങ്ങലേല്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സി.പി.എം നേതാവ് സീതാറം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുമെന്ന് ആര്‍.എസ്.എസ് വക്താവ് അറിയിച്ചിരുന്നു. നേരത്തെ, നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയേയും ക്ഷണിക്കാനിരുന്നത്. എന്നാല്‍ രാഹുലിന് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ പറഞ്ഞു.

chandrika: