X

മോദി ഭരണം ആര്‍.എസ്.എസിന്റെ പിടിയില്‍: രാഹുല്‍ ഗാന്ധി

ബംഗളൂരു: മോദി സര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് ആര്‍.എസ്.എസാണെന്നും നിലവില്‍ മോദി സര്‍ക്കാറിന്റെ സര്‍വ്വ മേഖലകളിലും ആര്‍.എസ്.എസ് അടക്കിവാഴുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ആര്‍.ബി.ഐ അല്ല ആര്‍.എസ്.എസ് ആണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപണമുയര്‍ത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നാലു ദിന ബസ്‌യാത്ര പ്രചാരണത്തിന്റെ അവസാനദിവസത്തിലാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ചത്. പ്രചാരണത്തിന്റെ നാലാം ദിവസം പ്രൊഫഷണലുകളും ബിസിനസ് നേതാക്കളുമായി നടത്തിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കേന്ദ്രഭരണം ആര്‍.എസ്.എസിന് കീഴിലാണ് നടക്കുന്നത്. ഭരണസിരാ കേന്ദ്രങ്ങളിലെല്ലാം സംഘപരിവാര്‍ അവരുടെ പ്രവര്‍ത്തകരെ നിയമിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ സെക്രട്ടറിമാരെ പോലും നിയമിച്ചിരിക്കുന്നത് ആര്‍.എസ്.എസ് ആണ്, രാഹുല്‍ കുറ്റപ്പെടുത്തി.

ആര്‍എസ്എസ് അതിന്റെ ആളുകളെ എല്ലായിടത്തും നട്ടുപിടിപ്പികയാണെന്നും എന്‍.ഐ.ടി.ഐ ആയോജില്‍ വരെ ആര്‍.എസ്.എസിന്റെ ആളുകളുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയോ പ്രത്യയശാസ്ത്രത്തിനോ ഭാഗമല്ല. നോട്ട് പിന്‍വലിക്കല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റെ തീരുമാനം അല്ല. അത് ആര്‍എസ്എസിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ പറഞ്ഞു.
ഇന്ത്യയുടെ വിദേശനയം പോലും ഒരു കുഴപ്പത്തിലാണ്. അയല്‍ രാജ്യങ്ങളായ എല്ലാ സാര്‍ക്ക് രാജ്യങ്ങളിലും ചൈനക്ക് വലിയ സ്വാധീനമുണ്ട്. എന്നാല്‍ ഇന്ത്യ ഒറ്റപ്പെട്ടിരിക്കയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

chandrika: