X

ട്രൗസര്‍ വേണ്ട, പാന്റിട്ട് വന്നാല്‍ റാലി നടത്താമെന്ന് ആര്‍എസ്എസിനോട് കോടതി

ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. കോടതി നിര്‍ദ്ദേശ പ്രകാരം ഇനി തമിഴ്‌നാട്ടില്‍ നടത്താനിരിക്കുന്ന റാലിക്ക് മുഴുനീള പാന്റുകള്‍ അനിവാര്യമാണ്. നവംബറില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആര്‍എസ്എസ് റാലി നടത്തുന്നത്.

മുഴുനീള പാന്റുകള്‍ ധരിക്കുന്നതിനൊപ്പം തന്നെ ഘോഷയാത്രക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ആര്‍എസ്എസ് ഘോഷയാത്രകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ഹിന്ദു മുന്നണി നേതാവിന്റെ മരണത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളേയും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആര്‍എസ്എസിന്റെ റാലിയെ എതിര്‍ത്തത്. എന്നാല്‍ നവംബര്‍ ആറിനോ, 13നോ റാലികള്‍ നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തമിഴ്‌നാട്ടിലുടനീളമായി 14-ഓളം ഘോഷയാത്രകളാണ് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്.

Web Desk: