X

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മദ്യം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി വിദഗ്ധര്‍

മോസ്‌കോ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മദ്യം ഉപയോഗിക്കരുതെന്ന് റഷ്യന്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ബീര്‍, വൈന്‍, സ്പിരിറ്റ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വെടിയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൊത്തം 56 ദിവസം മദ്യം ഉപയോഗിക്കരുത് എന്നാണ് റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി തതാനിയ ഗോലിക്കോവയും കണ്‍സ്യൂമര്‍ സേഫ്റ്റി വാച്ച്‌ഡോഗായ റോസ്‌പോട്രെനസര്‍ മേധാവി അന്ന പൊപോവയും ആവശ്യപ്പെട്ടത്.

എന്നാല്‍ ഓരോ ഇഞ്ചക്ഷനു ശേഷമുള്ള മൂന്നു ദിവസം മദ്യം വേണ്ട എന്നാണ് വാക്‌സിന്‍ വികസിപ്പിച്ച എന്‍എഫ് ഗമലേയ ഫെഡറര്‍ റിസര്‍ച്ച് സെന്റര്‍ മേധാവി അലക്‌സാണ്ടര്‍ ഗിന്‍സ്ബര്‍ഗ് അറിയിച്ചത്.

കോവിഡ് വൈറസിന് എതിരെ ശരീരം സ്വാഭാവിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ആദ്യ കുത്തിവയ്പ്പ് എടുക്കുന്നതിന് രണ്ടാഴ്ച മുമ്പും എടുത്ത ശേഷം 42 ദിവസവു(മൊത്തം 56)മാണ് മദ്യം വര്‍ജിക്കേണ്ടത് എന്ന് ദ മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട ചെയ്തു.

ശനിയാഴ്ച മുതലാണ് റഷ്യ കോവിഡ് വാക്‌സിന്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങിയത്. ഇതിന് മുമ്പ് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.

21 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് സ്പുട്‌നിക്ക് കുത്തി വയ്ക്കുക. ഈ സമയത്ത് മദ്യം ഉപയോഗിക്കുന്നത് വാക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം വാക്‌സിന്‍ ലഭിച്ചവര്‍ മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം നാലാമതാണ്. ഈ പശ്ചാത്തലത്തില്‍ അധികൃതരുടെ നിര്‍ദേശം. ആരോഗ്യ മന്ത്രി മിഖായേല്‍ മുരഷ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം ഹൈ റിസ്‌ക് വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.

എന്നാല്‍ കോവിഡ് കുത്തിവയ്പ്പ് എടുത്തു തുടങ്ങിയ യുകെയില്‍ ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

 

Test User: