X

ലോകകപ്പില്‍ റഷ്യന്‍ വിപ്ലവം; സ്‌പെയിനും അപ്രതീക്ഷിത മടക്കം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്‌പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍ അകിന്‍ഫീവെന്ന ഗോള്‍കീപ്പറോട് മാത്രം.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിന് വേണ്ടി ഇനിയേസ്റ്റ, പിക്വേ, റാമോസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, കൊക്കേയുടെയും ഇയാഗോ അസ്പാസിന്റേയും ഷോട്ട്് അകിന്‍ഫീവ് തടുത്തിട്ടു. 1-0, റഷ്യയുടെ ഫെഡര്‍ സ്‌മോളോവ്, ഇഗ്നാസോവിച്ച്, ഗോളോവിന്‍, ചെറിഷേവ് എന്നിവര്‍ പന്ത് വലയിലെത്തിച്ച് റഷ്യയ്ക്ക് ആദ്യ ക്വാര്‍ട്ടര്‍ സമ്മാനിച്ചു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പേരും, പെരുമയുമായി എത്തിയ കാളപ്പോരുകാരെ റഷ്യ പ്രതിരോധത്തിന്റെ കോട്ടകെട്ടി അക്ഷരാര്‍ത്ഥത്തില്‍ കളത്തില്‍ പൂട്ടിയിട്ടു. 120 മിനിറ്റ് കളം മുഴുവന്‍ പന്തുമായി പരക്കം പാഞ്ഞ സ്പാനിഷ് പടക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവെന്ന ഒറ്റയാനെ മറികടക്കാനാവാതെ വന്നതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് അകിന്‍ഫീവ് തന്റേതാക്കി മാറ്റിയത്. ഗോളടിക്കുന്നതില്‍ നിന്നും തടയുന്നതില്‍ റഷ്യയുടെ പ്രതിരോധ നിര ഭംഗിയായി വിജയിക്കുകയും ചെയ്തു. 108-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഒറ്റയാന്‍ കുതിപ്പിനേയും അകിന്‍ഫീവ് കീഴടക്കി.

രണ്ട് തവണ റഷ്യന്‍ ഗോള്‍ മുഖത്ത് പന്തെത്തിച്ചതൊഴിച്ചാല്‍ വിരസമായിരുന്നു എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി. മുഴുവന്‍ സമയവും ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. നേരത്തെ മത്സരം ചൂടുപിടിക്കും മുമ്പേ ഗോള്‍ നേടി സ്‌പെയിന്‍ റഷ്യയെ ഞെട്ടിച്ചു. 12-ാം മിനിറ്റില്‍ ഇസ്‌കോയുടെ ഫ്രീകിക്കില്‍ നിന്നും ഗോള്‍ നേടാനുള്ള സെര്‍ജിയോ റാമോസിന്റെ ശ്രമത്തിനിടെ റഷ്യന്‍ താരം ഇഗ്നാസോവിച്ചിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. സ്‌കോര്‍ 1-0. റഷ്യന്‍ ലോകകപ്പിലെ പത്താമത്തെ സെല്‍ഫ് ഗോളാണിത്.

എന്നാല്‍ വന്‍ മാര്‍ജിനില്‍ സ്‌പെയിന്‍ ജയിച്ച് കയറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സ്‌പെയിനിന്റെ ലീഡിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. സ്പാനിഷ് പോരാട്ട വീര്യത്തെ 78,011 പേര്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയോടെ സധൈര്യം നേരിട്ട റഷ്യക്ക് പിഴച്ചില്ല. 42-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സ്പാനിഷ് താരം പിക്വെയുടെ കയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി റഷ്യ ഗോളാക്കി മാറ്റി. കിക്കെടുത്ത സ്യൂബ പിഴവുകളൊന്നും കൂടാതെ പന്ത് വലയിലാക്കി. സ്‌കോര്‍ 1-1. സ്യൂബയുടെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. ആദ്യ പകുതിയുടെ സിംഹ ഭാഗവും പന്ത് കൈവശം വെച്ച സ്പാനിഷ് പടക്ക് പക്ഷേ റഷ്യന്‍ പോസ്റ്റില്‍ പന്തെത്തിക്കുന്നതില്‍ വേണ്ടത്ര വിജയിക്കാനായില്ല. 74 ശതമാനത്തോളം പന്ത് കൈവശം വെച്ച സ്‌പെയിന്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.

ആദ്യ പകുതിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പകുതിയിലും കണ്ടത്. എന്നാല്‍ ആദ്യ പകുതിയില്‍ നിന്നും വിഭിന്നമായി റഷ്യയുടെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ കണ്ടു എന്നതൊഴിച്ചാല്‍ വിരസമായിരുന്നു മത്സരം. അവസാന മിനിറ്റുകളില്‍ സ്പാനിഷ് പട നിരന്തരം റഷ്യന്‍ ഗോള്‍മുഖം ആക്രമിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യം കണ്ടില്ല. 84-ാം മിനിറ്റില്‍ ആന്ദ്രേ ഇനിയസറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ഏറെ പണിപ്പെട്ടാണ് റഷ്യന്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് തട്ടിയകറ്റിയത്. റഷ്യക്കെതിരായ മത്സരത്തില്‍ കളിച്ചതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന സ്പാനിഷ് താരമെന്ന റെക്കോര്‍ഡ് നായകന്‍ സെര്‍ജിയോ റാമോസ് സ്വന്തമാക്കി. ലോകകപ്പില്‍ 17 മത്സരങ്ങള്‍ കളിച്ച കസിയസിന്റെ റെക്കോര്‍ഡിനൊപ്പമാണ് റാമോസ്.

chandrika: