X

റഷ്യന്‍ ബന്ധം: ട്രംപിന് തലവേദനയായി പുതിയ ചിത്രം

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ ഭരണകൂടവും തമ്മില്‍ വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്‍ 2015ല്‍ മോസ്‌കോയില്‍ നടന്ന ഒരു വിരുന്നില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ട്രംപിനും ഫഌന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കും വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ റഷ്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ചിത്രം വ്യക്തമാക്കുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പുടിന്‍ തള്ളിക്കളഞ്ഞു. വിരുന്ന് കഴിഞ്ഞതിനുശേഷമാണ് ഫഌന്‍ ആരാണെന്നു പോലും താന്‍ അറിഞ്ഞതെന്ന് എന്‍.ബി.സി ന്യൂസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ജനറലുമായി തനിക്ക് നേരത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. വിരുന്നില്‍ പങ്കെടുത്തവരുമായി സംസാരിച്ചിരുന്നു. അതിനുശേഷം എഴുന്നേറ്റ് സ്ഥലം വിടുകയും ചെയ്തു. അമേരിക്കന്‍ സെക്യൂരിറ്റി സര്‍വീസസില്‍ പെട്ട ആളാണ് ഫഌന്‍ എന്ന് പിന്നീടാണ് താന്‍ അറിഞ്ഞത്-പുടിന്‍ വിശദീകരിച്ചു.

പ്രസിഡന്റ് ട്രംപിനെ വ്യക്തിഹത്യ ചെയ്യാന്‍ സഹായകമായ ചില വിവരങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. ട്രംപിന് റഷ്യയുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടിരുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രംപിന്റെ മരുകമന്‍ ജാരെദ് കുഷ്‌നര്‍ ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് റഷ്യയുമായി രഹസ്യബന്ധം സ്ഥാപിക്കാന്‍ പിന്നാമ്പുറ വഴികള്‍ തേടിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

chandrika: