X

എസ്. രാജേന്ദ്രൻ ബിജെപിയിലേയ്‌ക്കെന്നു സൂചന; ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

ദേവികുളത്തെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ബിജെപിയിലേയ്ക്കെന്നു സൂചന. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കാറുമായി ഡല്‍ഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സി.പി.എമ്മുമായുള്ള പിണക്കം അവസാനിപ്പിച്ച് എസ് രാജേന്ദ്രന്‍ ഞായറാഴ്ച്ച മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ബിജെപി നേതാവിനെ കണ്ടിരിക്കുകയാണ്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാന്‍ രാജേന്ദ്രന്‍ തീരുമാനിച്ചിരുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

അതേസമയം, ബി.ജെ.പി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കള്‍ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കള്‍ വന്നകാര്യം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വാതില്‍ പൂര്‍ണമായി അടഞ്ഞാല്‍ മാത്രമേ മറ്റു വഴികള്‍ തേടുവെന്നും എസ്. രാജേന്ദ്രന്‍ അന്ന് വ്യക്തമാക്കി.

webdesk13: