X

നട അടച്ചിടുമെന്ന് തന്ത്രി; ദൗത്യത്തില്‍ നിന്നും പിന്‍മാറി സ്ത്രീകള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
ഇതോടെ യുവതികള്‍ ദൗത്യം ഒഴുവാക്കി മടങ്ങുന്നതായി പൊലീസ്.

കനത്ത പൊലീസ് സുരക്ഷയോടെയാണ് രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്നുള്ള രഹന ഫാത്തിമ്മയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തി. റിപ്പോര്‍ട്ടിംഗിനായാണ് കവിത ശബരിമലയില്‍ എത്തുന്നതെങ്കിലും മറ്റു യുവതിയെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. സുരക്ഷാ മുന്‍കരുതലെന്നോണം കവിതക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.

യുവതികളെ പുറത്താക്കണമെന്നും യുവതികള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി മുന്നറിയിപ്പു നല്‍കിയതായി പൊലീസ് അറിയിച്ചു. അദ്ദേഹം ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ പൂജകള്‍ നിര്‍ത്തിവെച്ച് അല്‍പം മുന്‍പ് പരികര്‍മിമാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മേല്‍ശാന്തിമാരുടെ പരികര്‍മികള്‍ പതിനെട്ടാം പടിയുടെ താഴെ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

തന്ത്രിയുടെ സഹായികളും ഉള്‍പ്പെടെ 35 ഓളം പേരാണ് പതിനെട്ടാം പടിയുടെ താഴെ ഇരുന്ന് പ്രതിഷേധിക്കുന്നത്. ശരണം വിളിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. ശബരിമല സന്നിധാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.

chandrika: