X

പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി

അഹമദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി അരോപണവുമായാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്.
സഹാറാ, ബിര്‍ളാ കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കോടികള്‍ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം.

2013 -2014 വര്‍ഷത്തില്‍ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുളള ആറ് മാസക്കാലയളവിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഒമ്പത് തവണയായി 40 കോടി രൂപ കോഴ വാങ്ങിയെന്ന കടുത്ത ആരോപണമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത്.

ഗുജറാത്തിലെ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ആദായനികുതി വകുപ്പിന്റെ കൈവശം ഇതിന്റെ രേഖയുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തുവന്നിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് മോദി കോഴ വാങ്ങിയതിന്റെ രേഖകള്‍ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയതായി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നത്.

കെജ്‌രിവാളിന്റെ ആരോപണം ആവര്‍ത്തിച്ചതിനൊപ്പം സഹാറ ഗ്രൂപ്പില്‍ നിന്നും മോദി കോടികള്‍ കൈപ്പറ്റിയെന്ന കടുത്ത ആരോപണവും രാഹുല്‍ ഉയര്‍ത്തി.
2013 ഒക്‌ടോബര്‍ 30ന് 2.5 കോടിയും 2013 നവംബര്‍ 12ന് 5 കോടിയും അതേവര്‍ഷം തന്നെ നവംബര്‍ 27, 29 തിയ്യതികളിലായി 2.5 കോടി വീതവും
2013 ഡിസംബര്‍ 13, 19, 2014 ജനവരി 13, 28 ഫിബ്രവരി 11 എന്നീ തീയതികളില്‍ അഞ്ച് കോടി വീതവും മോദി കോഴ കൈപ്പറ്റിയെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ റാലിയെ അറിയിച്ചത്. അങ്ങനെ ആകെ 40 കോടി രൂപ നരേന്ത്രമോദി കൈപ്പറ്റിയതായും രാഹുല്‍ പറഞ്ഞു.

2014 നവംബര്‍ 22 ന് സഹാറ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിലൂടെ നരേന്ദ്രമോദി ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ കലാപം അഴിച്ചുവിട്ടിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലാണെന്നും രാഹുള്‍ പറഞ്ഞു. കള്ളപ്പണക്കാര്‍ക്ക് പുത്തന്‍ കറന്‍സികള്‍ കിട്ടികൊണ്ടിരിക്കുകയാണെന്നും നോട്ട് നിരോധനത്തിന്റെ ഗുണം 50 ബിസിനസ് കുടുംബങ്ങള്‍ക്കാണെന്നും രാഹുല്‍ ആരോപിച്ചു.

ഗുജറാത്തില്‍ സംഘടിപ്പിച്ച റാലിയില്‍ വന്‍ വരവേല്‍പ്പാണ് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്.

chandrika: