X

സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായിരിക്കുന്നു; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എം കെ മുനീര്‍

പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് എം കെ മുനീര്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്.

സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ് ബുക്ക്‌ കുറിപ്പ് വായിക്കാം

ഇക്കാര്യം ആദ്യമായി പറഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ഒരാളാണ് ഞാന്‍. നവകേരള ശില്പിക്കെതിരെ വിമര്‍ശനമുന്നയിക്കുകയോ,, എന്ന് തുടങ്ങി സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമാണ് സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ശരിവെച്ചിരിക്കുന്നത്.

കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് ആദ്യമായി പറഞ്ഞത്.പിന്നീട് അതേ പരാമര്‍ശം ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും നടത്തിയിരിക്കുന്നു. ഇത് ഈ ഗവണ്‍മെന്റ് ചോദിച്ചു വാങ്ങിയ വിധിയാണ്.ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ സുപ്രീം കോടതിയിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവുകള്‍ ഈടാക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനുള്ളത്.

വിസമ്മതപത്രം നല്‍കണമെന്ന ഗവണ്‍മെന്റ് നിലപാട് ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന സുപ്രീം കോടതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്നും ഇതിനകം സര്‍ക്കാര്‍ വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണം.

ദുരിതാശ്വാസത്തിന് പിരിച്ച പണം ഫ്‌ലഡ് ഡിസാസ്റ്റര്‍ മേഖലകളില്‍ തന്നെ വിനിയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് ഉടനെ ആരംഭിക്കണം. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമല്ല നവകേരളത്തിന്റെ നിര്‍മ്മാണം സാധ്യമാക്കേണ്ടത്. മറിച്ച്, ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കമുള്ള എല്ലാ വിഭാഗത്തിന്റെയും അന്തസ്സ് നില നിര്‍ത്തി കൊണ്ടും അവരെ വിശ്വാസത്തിലെടുത്തുമാണ്.

ഇത് മറ്റുള്ളവര്‍ പറയുന്നതിന് മുമ്പ് പറഞ്ഞു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഫലം, സുപ്രീം കോടതിയടക്കമുള്ള നിയമ വ്യവഹാരങ്ങള്‍ക്കായി സ്റ്റേറ്റിന്റെ പണം നഷ്ടമായത് മിച്ചം.

chandrika: