X

സാലറി ചാലഞ്ച്: വിസമ്മതം അറിയിക്കേണ്ട അവസാന ദിവസം ഇന്ന്

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. വിസമ്മതം അറിയിച്ചില്ലെങ്കില്‍ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. തീയതി നീട്ടിനല്‍കേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം.

സാലറി ചലഞ്ചിന്റെ പേരില്‍ ഭരണ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അവധി ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറിചലഞ്ചില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ പങ്കാളികളാകുന്നുമുണ്ട്. എന്നാല്‍ വിസമ്മതം അറിയിക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തില്‍ പ്രചാരണം ചിലരെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ സാലറി ചലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാനും ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

സാലറി ചലഞ്ചില്‍ കൂടുതല്‍ തവണകള്‍ അനുവദിക്കണമെന്നും പ്രളയത്തില്‍പ്പെട്ടവരെ ഒഴിവാക്കണമെന്നുമൊക്കെ ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ശമ്പളദാനത്തിനുള്ള വ്യവസ്ഥകളില്‍ മാറ്റംവരുത്താനുള്ള സാഹര്യങ്ങളൊന്നും ഇതുവരെയില്ലെന്ന് ധനമന്ത്രി പറഞ്ഞു. 70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചില്‍ ഭാഗമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

സാലറി ചലഞ്ചിന് സമാനമായി പെന്‍ഷന്‍കാരില്‍നിന്ന് ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുകയും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതിനായി പെന്‍ഷന്‍കാരുടെ സംഘടനകളുമായി ഇന്ന് ധനമന്ത്രി തോമസ് ഐസക് ചര്‍ച്ചനടത്തും. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവന 1500 കോടി രൂപയിലേക്ക് എത്തുകയാണ്. വെള്ളിയാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 1478.72 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്.

chandrika: