X

ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം: ഹൈദരലി തങ്ങള്‍

മലപ്പുറം: ഏക സിവില്‍കോഡിന്റെയും മുത്തലാഖിന്റെയും പേരില്‍ രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ശരീഅത്തിനെതിരെ പല ഗൂഢാലോചനകളും ഒളി അജണ്ടകളും ഉണ്ടെന്നും തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തേയും വെല്ലുവിളിക്കുന്ന ചില വര്‍ഗീയ വാദികളുടെ ഗൂഢ തന്ത്രമാണിത്.ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയതല്ല. മറിച്ച് അല്ലാഹുവില്‍ നിന്നുള്ള ദൈവിക മൗലിക നിയമങ്ങളാണ്. അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനോ കൈകടത്താനോ നമുക്ക് സാധ്യമല്ല. ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. രാജ്യത്തിന്റെ ഭരണഘടന മുസ്‌ലിംകള്‍ക്ക് അത് വകവെച്ച് നല്‍കുന്നുണ്ട്.

വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം മതത്തിന്റെ നിര്‍ദേശങ്ങളും ശാസനകളും നിലനില്‍ക്കുന്നത്് കൊണ്ട് അത്തരം കാര്യങ്ങളില്‍ മതനിയമങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഈ സ്വാതന്ത്ര്യത്തെ എടുത്തുമാറ്റി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു നിയമം എന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കാനാണ് ഇന്ന് ഭരണകൂടം ശ്രമിക്കുന്നത്. മുത്തലാഖിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മതമാണ് പരിശുദ്ധ ഇസ്‌ലാം.
കൃത്യമായി ഇസ്‌ലാമിനെ മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്നാണ് പറയാനുള്ളത്. കക്ഷി രാഷ്്ട്രീയ മത ഭേതമന്യേ എല്ലാവരും ഇതിനെ പ്രതിരോധിക്കാനും സമര പരിപാടികളുമായി മുന്നോട്ട് പോവാനും തയാറാവണം. കഴിഞ്ഞ ദിവസം മലപ്പുറം കലക്്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം മലപ്പുറത്തിന്റ പൊതുമനസ്സിനെ അത്യന്തം മുറിവേല്‍പ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. ഉത്തരേന്ത്യയില്‍ നിരന്തരം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴെല്ലാം മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നിലനില്‍ക്കുകയായിരുന്നു മലപ്പുറം. ഇവിടത്തെ സൗഹാര്‍ദവും സ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഐക്യവും തകര്‍ക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ നടത്തുന്ന വൃത്തികെട്ട പ്രവര്‍ത്തനങ്ങളാണിതെന്ന് തിരിച്ചറിയണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്്‌ലിയാര്‍,എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, പി.വി അബ്ദുല്‍ വഹാബ്, സിറാജ് ഇബ്രാഹീം സുലൈമാന്‍ സേട്ടു പ്രസംഗിച്ചു. സമസ്ത മുശാവറ അംഗം ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എ റഹ്്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

വൈകുന്നേരം നാലുമണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ റാലിക്ക് തുടക്കമായി. കിഴക്കേതല ശംസുല്‍ഉലമ നഗരിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു. നീതി നിഷേധത്തിന്റെ നിഗൂഢ നീക്കങ്ങളോട് സമരസപ്പെടാന്‍ തെല്ലുമാവില്ലെന്ന് പ്രഖ്യാപിച്ച് നാനാദിക്കില്‍ നിന്നായി ഒഴികിയെത്തിയ ജനസഞ്ചയം മലപ്പുറത്ത് മനുഷ്യക്കടല്‍ തീര്‍ക്കുകയായുരന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു.

photo courtesy: social media

chandrika: