X

ഫോണ്‍ തിരിച്ചെടുത്താല്‍ പോരാ, നഷ്ടപരിഹാരവും വേണം: സാംസങിനെതിരെ 500 പേര്‍ കോടതിയില്‍

ഗാലക്‌സി നോട്ട് 7 തിരിച്ചെടുത്ത് വില നല്‍കിയാല്‍ മാത്രം പോരാ, ചെലവുകള്‍ക്കും കാത്തിരിപ്പു സമയത്തിനും നഷ്ടപരിഹാരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറിലധികം പേര്‍ കോടതിയില്‍. സാംസങിന്റെ ജന്മനാടായ ദക്ഷിണ കൊറിയയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ കമ്പനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ഫോണ്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് സാംസങ് തങ്ങളുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ ഉല്‍പ്പന്നം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. നോട്ട് 7 നു പകരം ഗാലക്‌സി സീരിസില്‍ പെട്ട മറ്റൊരു ഫോണ്‍ നല്‍കുകയോ ബില്‍ തുക മടങ്ങി നല്‍കുകയോ ചെയ്യുക എന്നതായിരുന്നു തിരിച്ചുവിളിക്കല്‍ പദ്ധതി. അമേരിക്കയില്‍, നോട്ട് 7 നു പകരം സാംസങ് മൊബൈല്‍ തന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍ 100 ഡോളര്‍ സമ്മാനമായി നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെയാണ്, തിരിച്ചെടുക്കുന്ന ഫോണിന്റെ വില മാത്രം നല്‍കിയാല്‍ പോരെന്ന ആവശ്യവുമായി ഉപഭോക്താക്കള്‍ നിയമ നടപടി സ്വീകരിച്ചത്. ഫോണ്‍ തിരിച്ചുനല്‍കുന്നതിനായി സാംസങ് ഔട്ട്‌ലെറ്റില്‍ പോകേണ്ടി വന്ന യാത്രാ ചെലവ്, കാത്തിരിപ്പു സമയം, മാനസിക ബുദ്ധിമുട്ട് എന്നിവക്കു കൂടി നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യമെന്ന് കൊറിയന്‍ തലസ്ഥാനമായ സിയോളിലെ അറ്റോണി പീറ്റര്‍ യങ് യീല്‍ കോ പറഞ്ഞു.

chandrika: