X
    Categories: CultureMoreViews

കര്‍ണാടക: നാണക്കേടില്‍ നിന്ന് കരകയറാന്‍ വ്യാജപ്രചാരണങ്ങളുമായി ആര്‍.എസ്.എസ്‌

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പിനെ അത് ബാധിക്കുമെന്ന തിരിച്ചറിവാണ് ആസൂത്രിത പ്രചാരണങ്ങളുമായി രംഗത്തിറങ്ങാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെല്ലാം യെദ്യൂരപ്പയും ബെല്ലാരി സഹോദരന്‍മാരും ശ്രീരാമലുവും ആസൂത്രണം ചെയ്തതാണ്. മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും അതില്‍ ഒരു പങ്കുമില്ലെന്നതാണ് ഒന്നാമത്തെ വാദം.

എന്നാല്‍ കര്‍ണാടകയില്‍ കണ്ട നാടകങ്ങളെല്ലാം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ആസൂത്രണം ചെയ്തതാണെന്നും മോദിയും അമിത് ഷായുമാണ് അതിന് ചരട് വലിച്ചതെന്നും സമീപകാലത്ത് ബി.ജെ.പി വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സര്‍ക്കാര്‍ രൂപീകരണ തന്ത്രങ്ങളുമായി കര്‍ണാടകയിലെ സംഭവവികാസങ്ങളെ കൂട്ടിവായിക്കുന്നവര്‍ക്ക് വ്യക്തമാവും. നിങ്ങള്‍ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അമിത് ഷായുണ്ട് എന്നായിരുന്നു ബി.ജെ.പി വക്താവും ആര്‍.എസ്.എസിന്റെ വിശ്വസ്തനുമായ രാം മാധവ് പരസ്യമായി മറുപടി നല്‍കിയത്. അമിത് ഷായാണ് എല്ലാ നീക്കങ്ങളും നടത്തുന്നതെന്ന് തുറന്ന് സമ്മതിക്കലായിരുന്നു ഇത്. എന്നാല്‍ കര്‍ണാടകയില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ പൊളിഞ്ഞതോടെ മോദിയുടേയും അമിത് ഷായുടേയും പ്രതിച്ഛായ വീണ്ടെടുക്കാനാണ് യെദ്യൂരപ്പയേയും ബെല്ലാരി സഹോദരന്‍മാരേയും ബലിയാടാക്കിയുള്ള ആര്‍.എസ്.എസ് നീക്കം.

കോണ്‍ഗ്രസ് നെഞ്ചുവിരിച്ച് മുന്നില്‍ നയിച്ച ഈ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഒരു പങ്കുമില്ല എന്നതാണ് മറ്റൊരു പ്രചരണം. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് കര്‍ണാടകയിലെ സഖ്യരൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങള്‍ പൊളിക്കാന്‍ മാത്രം ശേഷിയുള്ളതാണെന്ന് ജനങ്ങള്‍ക്ക് തോന്നരുതെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒന്നാകെ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും സുപ്രീം കോടതി മുതല്‍ കര്‍ണാടക നിയമസഭ വരെ പോരാടുകയും ചെയ്തതിന്റെ ഫലമാണ് കര്‍ണാടകയിലെ ജനാധിപത്യ ചേരിയുടെ വിജയം.

സമാനതയില്ലാത്ത പ്രതിപക്ഷ ഐക്യമാണ് കര്‍ണാകയില്‍ കണ്ടത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ ഒരേ മനസ്സോടെയാണ് കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ ഇത്തരമൊരു സഖ്യത്തെ മോദി-അമിത് ഷാ കൂട്ടുകെട്ടും ആര്‍.എസ്.എസും ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് പറ്റിയ നാണം കെട്ട തോല്‍വിയും കോണ്‍ഗ്രസ് സഖ്യം നേടിയ ചരിത്ര വിജയവും മറച്ചുവെക്കാന്‍ ആസൂത്രിത പ്രചാരണങ്ങളുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: