X

മദ്രസകള്‍ക്കെതിരെ സംഘ്പരിവാരം

റഹ്്മാന്‍ മധുരക്കുഴി

മുസ്‌ലിംകളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളില്‍ പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ച ഗോള്‍വാള്‍ക്കറുടെ വിദ്വേഷ തത്ത്വശാസ്ത്രത്തിന്റെ വക്താക്കളായി രംഗം കയ്യടക്കിയ സംഘ്പരിവാരങ്ങള്‍, മുസ്്‌ലിംകളുടെ അസ്തിത്വത്തിന് നേരെ വംശഹത്യയുടെ ത്രിശൂല പ്രയോഗവും ബുള്‍ഡോസര്‍ ധ്വംസനവും വ്യാപകമാക്കിയാണ് മുസ്്‌ലിംകളുടെ ആരാധനായലങ്ങള്‍ക്കെതിരെ മാത്രമല്ല അവരുടെ മതപാഠശാലകള്‍ക്കെതിരെയും രംഗത്ത് വന്നിരിക്കുന്നു. യു.പിയിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കേണ്ടതില്ലെന്ന് യോഗി സര്‍ക്കാര്‍ തീരുമാനിച്ചതും മദ്രസകള്‍ പലതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരുടെ താവളമായി ഉപയോഗിക്കുകയാണെന്ന് എന്‍.ഐ.എയുടെ കണ്ടെത്തലുകളും ഇതിന്റെ ഭാഗമാണ്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാകട്ടെ മദ്‌റസ എന്ന വാക്ക് തന്നെ ഇല്ലാതാക്കണമെന്നാണ് ആക്രോശിച്ചിരിക്കുന്നത്. മദ്‌റസകളില്‍ പഠിച്ചിറങ്ങുന്നവര്‍ ഡോക്ടര്‍മാരോ, എഞ്ചിനീയര്‍മാരോ ആവുന്നതിനെക്കുറിച്ച് ആലോചിക്കുക പോലുമില്ലെന്ന് തട്ടിവിടുന്ന ഹിമാന്ദ ബിശ്വ ശര്‍മക്ക് മദ്രസകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, സിവില്‍ സര്‍വീസില്‍ മുതല്‍ ലണ്ടനിലെ ബി.ബി. സി ആസ്ഥാനത്ത് വരെ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരെക്കുറിച്ച് ഒരു ചുക്കുമറിയില്ല.

പശ്ചിമ ബംഗാളിലെ 10000 മദ്‌റസാധ്യാപകരില്‍ 5700 ഉം, 39 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 40,000 പേരും ഹിന്ദു സമുദായത്തില്‍പെട്ടവരാണെന്ന് പശ്ചിമ ബംഗാള്‍ കൗണ്‍സില്‍ ഓഫ് മദ്രസ എജുക്കേഷന്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. ഉത്തര്‍ പ്രദേശിലെ ആഗ്ര മുഈനുല്‍ ഇസ്്‌ലാം മദ്‌റസയില്‍ ഹിന്ദു മതത്തില്‍പെട്ട 202 വിദ്യാര്‍ത്ഥികളും ദയൂബന്ദിലെ മദ്‌റസകളില്‍ 1000 ത്തോളം അമുസ്‌ലിം വിദ്യാര്‍ത്ഥികളും പഠിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തെങ്ങും മുളച്ചുപൊന്തുന്ന ആയിരക്കണക്കില്‍ മദ്രസകള്‍ മതേതര ആധുനിക സമൂഹത്തിന്റെ സുഗമമായ പ്രയാണത്തിന് തടസ്സമല്ലേ എന്നാണ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെ ഒരു പ്രമുഖ വ്യക്തി ചോദിക്കുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം പഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അത് മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭരണഘടനയുള്ള രാജ്യത്ത്, മതപാഠങ്ങള്‍ പഠിക്കാനുള്ള സംവിധാനമായ മദ്‌റസകള്‍ മതേതര-ആധുനിക സമൂഹത്തിന്റെ നിലനില്‍പ്പിന് തടസ്സമാണെന്ന തടസ്സവാദം അസംബന്ധമല്ലേ?

മദ്രസകള്‍ രാജ്യത്ത് തീവ്രവാദം വളര്‍ത്തുകയാണെന്നും മദ്രസകളിലെ വിദ്യാഭ്യാസം ദേശവിരുദ്ധമാണെന്നും സാക്ഷി മഹാരാജ് എന്ന ബി.ജെ.പി നേതാവ് ഒരിക്കല്‍ തട്ടിവിടുകയുണ്ടായി. ഹിന്ദു ഐക്യവേദി, കോഴിക്കോട് മുതലക്കുളത്ത് ഏതാനും വര്‍ഷം മുമ്പ് സംഘടിപ്പിച്ച സമ്മേളനത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ വിദ്വേഷ പ്രസംഗകന്‍ പ്രവീണ്‍ തൊഗാഡിയ മദ്‌റസകള്‍ക്കെതിരെ വാളോങ്ങിയതിങ്ങനെ ‘രാജ്യദ്രോഹമാണ് രാജ്യത്തെ മദ്‌റസകള്‍ പ്രോത്സാഹിപ്പിക്കുന്നത്, മാറാടും ഗോദ്രയും ആവര്‍ത്തിക്കാതിരിക്കാന്‍ മദ്‌റസകള്‍ അടച്ചുപൂട്ടേണ്ടിവരും. പാകിസ്താനിലെ മദ്രസകള്‍ക്ക് മുല്ലാ ഉമറിനെ സൃഷ്ടിക്കാമെങ്കില്‍, മലപ്പുറത്തെ മദ്രസകള്‍ക്കും ഇത് സാധ്യമാകും’ (മാതൃഭൂമി 9.7.2003).

തീവ്രവാദവും രാജ്യദ്രോഹ ചിന്തകളുമല്ല, പ്രസ്തുത ദയ, സ്‌നേഹം, സഹിഷ്ണുത, ജീവിത വിശുദ്ധി തുടങ്ങിയ ഉത്തമ ഗുണവിശേഷണങ്ങള്‍ പരിശീലിപ്പിക്കപെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന പരിശീലന കളരികളാണ് മദ്‌റസകള്‍. മതാന്ധതയും തീവ്രവാദവുമാണ് മദ്‌റസകളിലെ പാഠ്യവിഷയമെങ്കില്‍ ആയിരക്കണക്കിന് മദ്രസകളും അറബികോളജുകളും നിരവധി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവന്നിട്ട് ഇവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായ സംഭവങ്ങള്‍ എന്തേ ഇല്ലാതെ പോയത് ?. തൊഗാഡിയമാര്‍ തട്ടിവിടുന്ന പോലെ മലപ്പുറം ജില്ലയിലെ ഒറ്റ മദ്രസയില്‍ നിന്നും ഒരു മുല്ല ഉമര്‍ പോലും എന്തേ ഇക്കാലമത്രയായിട്ടും പുറത്തുവന്നില്ല?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളുമുള്ള സംസ്ഥാനമായ കേരളമാണ് വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥലമെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമെന്നും ഡി.ജി.പിമാരുടെ വാര്‍ഷിക ദേശീയ കോണ്‍ഫറന്‍സില്‍ ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 2002, നവം. 19) വ്യക്തമാക്കിയിരിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കേരളത്തിലെ 14 ജില്ലകളില്‍ മുസ്്‌ലിം ജനസംഖ്യയിലും ഇസ്‌ലാമിക സംഘടനകളുടെ ആധിക്യത്തിലും പ്രഥമ സ്ഥാനത്തുള്ള മലപ്പുറം ജില്ലയാണ് മതസൗഹാര്‍ദ്ദത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രമായ മതവികാരത്തിനോ, വിഭാഗീയ ചിന്തക്കോ വശംവദരല്ല’ (ദേശാഭിമാനി 14.1.2002).

മദ്രസകള്‍ അധികമുള്ള മലപ്പുറം ജില്ലയിലെ മുസ്്‌ലിംകളെക്കുറിച്ച് കവി മണമ്പൂര്‍ രാജന്‍ ബാബു പറയുന്നതിങ്ങനെ. ‘ജില്ലയിലെ യഥാര്‍ത്ഥ മതവിശ്വാസികള്‍ സത്യ ധര്‍മാദികളില്‍ അധിഷ്ഠിതമായി ജീവിക്കുകയും മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ചെയ്യുന്നു. വിവിധ മതവിശ്വാസികളുടെ ഈ ആത്മീയ കൂട്ടായ്മ അന്യാദൃശ്യമാണ്’ (ദേശാഭിമാനി 24.07.2011) ഭീകരവാദമോ, തീവ്രവാദമോ അല്ല മാനവികതയുടെ സ്‌നേഹോഷ്മള പാഠങ്ങളാണ് മദ്രസകളിലെ സിലബസ്സ്. ‘അയല്‍വാസിയോട് മാന്യമായി പെരുമാറണം’ (അദ് ദര്‍സുസ്സാലിസു. പേജ് 184. 5-ാം തരം). ‘സ്വന്തം ആവശ്യത്തേക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നവരെ അല്ലാഹു പ്രശംസിച്ചിരിക്കുന്നു’. (ഇഖ്‌വത്തുല്‍ ഇസ്്‌ലാം പേജ് 152). ‘മനുഷ്യരോട് കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല’ (സ്വഭാവ പാഠങ്ങള്‍ 5-ാം തരം). ‘മുസ്്‌ലിംകളുമായി സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന ഒരു അമുസ്‌ലിമിനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ വാസനപോലും ലഭിക്കില്ല’ (സ്വഭാവ പാഠങ്ങള്‍ 4-ാം തരം). ‘ഭൂമിയിലുള്ളവരോട് കരുണ ചെയ്യുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും’ (ഹദീസ് പഠനം പാഠം 18).

കേരളത്തിലെ മദ്‌റസകളിലെ സിലബസ്സിലെ പാഠഭാഗങ്ങളാണ് മുകളിലുദ്ധരിച്ചത്. മതവിവേചനം തൊട്ടുതീണ്ടാത്ത-മാനവികതയുടെ ഉദാത്ത പാഠങ്ങളാണ് ഇവയെല്ലാം. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്ട്രൂട്ടിംഗ് താവളമാണെന്ന് പുലമ്പുന്നത്, ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരയില്‍ കൗതുകം ദര്‍ശിക്കുന്ന കൊതുകിന്റെ ജനിതക പ്രകൃതത്തെയാണ് അനാവരണം ചെയ്യുന്നത്.

web desk 3: