X

സന്തോഷ് ട്രോഫി സെമി ലൈനപ്പായി : കേരളത്തിന് മിസോറാമിന്റെ വെല്ലുവിളി

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ക്കും 9 പോയന്റാണെങ്കിലും പരസ്പരം കളിച്ചപ്പോഴുള്ള അനുകൂല ഫലത്തിന്റെ മാനദണ്ഠത്തില്‍ കര്‍ണാടക ഗ്രൂപ്പ് ജേതാക്കളായി.

74-ാം മിനുട്ടില്‍ എസ്.രാജേഷാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഗോവ 4-1ന് പഞ്ചാബിനെ കശക്കിയെങ്കിലും രണ്ട് പേരും നേരത്തെ പുറത്തായതിനാല്‍ മല്‍സരഫലത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. കേരളത്തിന് ശക്തമായ വെല്ലുവിളിയാണ് മിസോറാം. സമീപ കാലത്ത് ദേശീയ ഫുട്‌ബോളിലെ നിറസാന്നിദ്ധ്യമാണ് മിസോറാം. ഐസ്‌വാള്‍ എഫ്.സി പോലുള്ള ടീമുകളിലെ സ്ഥിരക്കാരാണ് മിസോ സംഘത്തിലുള്ളത്. ഗോവയും പഞ്ചാബുമെല്ലം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് മികച്ച പ്രകടനം നടത്തിയാണ് അവര്‍ യോഗ്യത നേടിയതും. കര്‍ണാകയോടേറ്റ പരാജയം മാത്രമാണ് ടീമിന് ആഘാതമായത്.

നിലവിലെ ചാമ്പ്യന്‍മാരായ ബംഗളിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായ അവസാന നാലില്‍ ഇടം നേടിയത്. ടൂര്‍ണമെന്റിന്റെ കളിച്ച നാലു കളിയും വിജയിച്ച കേരളം മികച്ച ഫോമിലാണ് .

chandrika: