X
    Categories: gulfNews

വിമാനസര്‍വീസ് പുനരാരംഭിക്കല്‍ പ്രഖ്യാപനം പിന്നീടെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

 

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന പ്രഖ്യാപനം പിന്നീടെന്ന് സഊദി ആഭ്യന്തര മന്ത്രാലയം. ഇന്ന് പുലര്‍ച്ചെ ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് പ്രവാസികള്‍ കാത്തിരുന്ന തീരുമാനം നീളുമെന്ന് മന്ത്രാലയം അറിയിച്ചത്. മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. പുതിയ പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടില്ല. അന്തര്‍ദേശീയ വിമാന യാത്രയുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് ഇന്നലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കോവിഡ് നിയന്ത്രണത്തിലായപ്പോള്‍ അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക അടുത്ത വര്‍ഷം ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈ തീരുമാനമായിരുന്നു ഇന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചത്.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിമാന സര്‍വീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യ,അര്‍ജന്റീന ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇപ്പോഴും വിമാന വിലക്ക് തുടരുകയാണ്. നിലവില്‍ സഊദിയില്‍ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാന വിലക്ക് നീക്കുമെന്നായിരുന്നു സഊദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിലക്ക് നീക്കുന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയ പ്രവാസി സമൂഹം ഇതോടെ വീണ്ടും ആശങ്കയിലായി.

അതേ സമയം ഇന്ത്യയില്‍ നിന്ന് സഊദിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ഇന്നലെ സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

 

web desk 1: