X
    Categories: gulfNews

ഇന്ത്യക്കിടമില്ല; സഊദി 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്കില്‍ പതിനൊന്ന് രാജ്യങ്ങളിലേക്കുള്ളത് നീക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം. യാത്രാവിലക്ക് ഒഴിവാക്കിയ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിട്ടില്ല . യുഎഇയടക്കമുള്ള 11 രാജ്യങ്ങളിലേക്കാണ് വിലക്ക് നീക്കിയത്. യുഎഇയെ കൂടാതെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുളളത് .ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണി മുതല്‍ വിലക്ക് പിന്‍വലിക്കും .കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാലാണ് ഈ രാജ്യങ്ങളെ യാത്രാവിലക്കില്‍ നിന്നൊഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം പി സി ആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ക്ക് കൊറന്റൈനില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ .

നേരത്തെ ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നേരിട്ടുള്ള യാത്രാവിലക്ക് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയുടെ കോവിഡ് വ്യാപന ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ പതിനാല് ദിവസം കഴിഞ്ഞ ശേഷം പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് സഊദിയിലെത്തിയിരുന്നത് . ഇതോടെ ഇന്ത്യ ഉള്‍പ്പടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. യു എ ഇ വഴി നേരത്തെയുണ്ടായിരുന്ന സഊദി യാത്രയും ഇപ്പോള്‍ നടക്കില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയതാണ് കാരണം. ദുബായ് വഴി നിരവധി പ്രവാസികള്‍ നേരത്തെ സഊദിയിലേക്കെത്തിയിരുന്നു.
യു എ ഇ വിലക്ക് വന്നതോടെ ഒമാനും ബഹ്‌റൈനുമായിരുന്നു പ്രവാസികളുടെ ആശ്രയം. ഇരുരാജ്യങ്ങളും കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്ക് അനുമതി നിഷേധിച്ചതോടെ സഊദിയിലേക്കുള്ള വഴികളടഞ്ഞു. ട്രാവല്‍ ഏജന്‍സികള്‍ നേപ്പാള്‍ , മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പാക്കേജ് ഏര്‍പെടുത്തിയിരുന്നെങ്കിലും ആ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഏതായാലും സഊദിയിലേക്കുള്ള യാത്രക്ക് മറ്റു വഴികള്‍ കണ്ടെത്താനാവാതെ കനത്ത ആശങ്കയിലാണ് പ്രവാസികള്‍. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വോറന്റൈന്‍ ആരംഭിച്ച സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സഊദിയിലെത്താന്‍ അവസരമൊരുക്കണമെന്നും അതിനായി നയതന്ത്ര തലത്തില്‍ സജീവമായ ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് പ്രവാസികളുടെ ആവശ്യം. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി ഈയാവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി , സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . ലക്ഷകണക്കിന് പ്രവാസികളാണ് നാട്ടില്‍ നിന്ന് സഊദിയിലെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്. യാത്രാവിലക്കില്‍ കുടുങ്ങിയവര്‍ക്ക് അവരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മഹാമാരി മൂലമായതിനാല്‍ മിക്ക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജീവനക്കാരും തൊഴിലാളികളും ഒരു വര്‍ഷത്തിലധികമായി അവരുടെ സ്വദേശങ്ങളിലാണ്. രാജകാരുണ്യം മൂലം ഇത്തരം കമ്പനികള്‍ക്കും നാട്ടിലുള്ള പ്രവാസികള്‍ക്കും ആശ്വാസമായെങ്കിലും മടങ്ങിവരവിലുള്ള അനിശ്ചിതത്വം തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട് .

 

web desk 1: