X

ഇറാന്‍ നടത്തുന്നത് യുദ്ധനടപടിയെന്ന് സഊദി

 

യമനിലെ ഹൂഥി വിമതര്‍ റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് സഊദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുദ്ധ നടപടിയായി അതിനെ കാണുമെന്നും തെളിവുകള്‍ ഉദ്ധരിച്ച് സഊദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി എസ്.പി.എ പറയുന്നു. മിസൈല്‍ നിര്‍മിച്ചത് ഇറാനാണെന്ന് അവശിഷ്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സഊദി അറേബ്യയേയും സഊദി ജനതയേയും ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ യനിലെ ഹൂഥി വിമതര്‍ക്ക് ഇറാന്‍ മിസൈല്‍ അയച്ചുകൊടുക്കുകയായിരുന്നു. യമനിലെ സായുധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണ് ഇതെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ സഊദി ഭരണകൂടം വ്യക്തമാക്കി. അയല്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള നഗ്നമായ കടന്നാക്രമണമായാണ് ഹൂഥികളെ നിഴലായി ഉപയോഗിച്ച് ഇറാന്‍ നടത്തുന്ന നീക്കങ്ങളെ സഊദി കാണുന്നത്. ഇറാന്‍ മിസൈലുകള്‍ എങ്ങനെയാണ് ഹൂഥികള്‍ക്ക് എത്തുന്നതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും യമനിലേക്കുള്ള കര, നാവിക, വ്യോമ വഴികളെല്ലാം സഊദി അടക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. റിയാദ് ലക്ഷ്യമിട്ടുള്ള മിസൈലാക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്ന ആരോപണം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും ഉന്നത രാഷ്ട്രീയ നേതാക്കളും നിഷേധിച്ചിട്ടുണ്ട്. ഹൂഥി ഗ്രൂപ്പില്‍ പെട്ട നാല്‍പതോളം നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് സഊദി അറേബ്യ ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. 2015 മാര്‍ച്ച് മുതല്‍ യമനില്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

chandrika: