X

മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍; തന്ത്രമെന്ന് മേവാനി

ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്‌നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ് പറഞ്ഞത്. പ്രീതംനഗറില്‍ യങ്ങ് തിങ്കേഴ്‌സ് മീറ്റില്‍ പങ്കെടുക്കവേയാണ് ജിഗ്‌നേഷ് മേവാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് കമാന്‍ഡോയോട് ചോദിച്ചപ്പോള്‍ അതെ എന്ന ഉത്തരമാണ് ലഭിച്ചതെന്ന് മേവാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മേവാനി പറഞ്ഞു.

ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാരിനെതിരെ തുറന്നടിച്ച മേവാനി, ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആശയപരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നും സമുദായങ്ങള്‍ക്കിടയിലുള്ള വ്യത്യാസം കാര്യമാക്കാതെ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഹാര്‍ദ്ദിക് പട്ടേലുമായി ഒന്നിക്കാന്‍ തയ്യാറാണെന്നും ജിഗ്‌നേഷ് വ്യക്തമാക്കി.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അതിനായി പട്ടേല്‍ സമര നേതാവ് ഹര്‍ദ്ദിക് പട്ടേലുമായും, ഒബിസി നേതാവ് അല്‍പേഷ് താക്കൂറുമായും കൈക്കോര്‍ക്കുമെന്നും ജിഗ്‌നേഷ് മേവാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് നിയമാസഭാ തെരഞ്ഞെടുപ്പില്‍ മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

chandrika: