X

സഊദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ 18ന് തുറക്കും

റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്‌സുമായി സഹകരിച്ച് സഊദിയിലെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം.
സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനകം 15 നഗരങ്ങളില്‍ 40 തിയേറ്ററുകള്‍ നിര്‍മിക്കും. 2030ല്‍ 350 ആക്കി ഉയര്‍ത്താനാണ് പദ്ധതി.

35 വര്‍ഷത്തിന് ശേഷമാണ് സഊദിയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നത്. 1970കളില്‍ മതനേതാക്കളുടെ ആവശ്യം കണക്കിലെടുത്ത് സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടുകയായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വീണ്ടും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിനോദസഞ്ചാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതികളാണ് ഭരണകൂടം മുന്നോട്ടുവെക്കുന്നത്. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും വിനോദ ആവശ്യങ്ങള്‍ക്ക് സഊദികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുകയുമാണ് സഊദിയുടെ ലക്ഷ്യം. സിനിമാ തിയേറ്ററുകള്‍ക്ക് പുറമെ ഡിജെ പാര്‍ട്ടികള്‍ ആരംഭിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെങ്കടല്‍ തീരത്തെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിലിയിലായിരിക്കും ഡിജെ പാര്‍ട്ടി ഒരുക്കുന്നത്.

അടുത്ത ജൂണില്‍ ഇതിന് തുടക്കമിടുമെന്നാണ് വിവരം. സഊദി പൗരന്മാര്‍ ഓരോ വര്‍ഷവും വിനോദ ആവശ്യങ്ങള്‍ക്കുവേണ്ടി 2000 കോടിയിലേറെ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും തുക സഊദിയില്‍ തന്നെ ചെലവഴിക്കപ്പടുന്ന സാഹചര്യമുണ്ടാക്കാനാണ് വിനോദ സംരംഭങ്ങള്‍ തുറന്നിടുന്നത്.

chandrika: